X

യുപിയിലെ സമുദായ സംഘര്‍ഷം വ്യാപിക്കുന്നു: മുസ്‌ലിം പള്ളി തകര്‍ക്കാന്‍ ശ്രമം, കടകള്‍ക്കും വാഹനങ്ങള്‍ക്കും തീവെച്ചു, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

 

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ഏറ്റുമുട്ടല്‍ വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ച ചന്ദന്‍ ഗുപ്തയുടെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷമാണ് ഇരു സമുദായങ്ങള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ചത്. സുരക്ഷാ നടപടികളുടെ ഭാഗമായി ജില്ലയില്‍ അധികാരികള്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്. ജില്ലയില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു കടകളും രണ്ട് സ്വകാര്യ ബസുകളും ഒരു കാറും ഇന്നലത്തെ സംഘര്‍ഷത്തിനിടെ തകര്‍ന്നിട്ടുണ്ട്. ചില സാമൂഹിക വിരുദ്ധര്‍ മുസ ്‌ലിം പള്ളികള്‍ തകര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും പൊലീസിന്റെ സമയോചിത ഇടപെടല്‍ ഇതു വിഫലമാക്കി.

കസ്ഗഞ്ച് ജില്ലയിലെ പ്രധാന മാര്‍ക്കറ്റിലുള്ള നിരവധി കടകള്‍ അക്രമികള്‍ തീവെച്ചു നശിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയും നഗരത്തിന്റെ പലയിടങ്ങളിലും അക്രമങ്ങള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചില സാമൂഹിക വിരുദ്ധര്‍ പ്രദേശത്തെ മുസ്‌ലിം പള്ളിയുടെ ഗേറ്റ് തകര്‍ക്കാന്‍ ശ്രമിച്ചതായും അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അനന്ത് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് അറിയിച്ചു. എന്നാല്‍ പൊലീസ് കൃത്യസമയത്ത് എത്തിയതോടെ ഇവര്‍ ശ്രമം പരാജയപ്പെടുകയും ഓടി രക്ഷെപ്പെടുകയുമായിരുന്നെന്ന് എഡിജിപി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ രണ്ടുകേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഒന്‍പതുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് കുമാര്‍ അറിയിച്ചു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകുന്നേരം വരെ 49 പേരെ പോലീസ് അറസ്റ്റ് ചെയ്തതായി കാസ്ഗഞ്ച് ജില്ലാ മജിസ്‌ട്രേറ്റ് ആര്‍ പി സിങ് വ്യക്തമാക്കി.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ നടത്തിയ റാലിക്കിടെയാണ് നെഞ്ചില്‍ വെടിയേറ്റ് 22 കാരനായ ചന്ദന്‍ ഗുപ്ത മരിച്ചത്. തുടര്‍ന്നാണ് ഇരു ഇരുവിഭാവും തമ്മില്‍ സംഘര്‍ഷം രൂക്ഷമായത്. തിരങ്കയാത്ര എന്ന പേരില്‍ ഒരു വിഭാഗം നടത്തിയ ബൈക്ക് റാലിക്കിടെ ഉയര്‍ന്ന ചില മുദ്രാവാക്യങ്ങളാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

chandrika: