കുവൈത്ത് സിറ്റി: ഒരു ഓവറില്‍ പരമാവധി എത്ര റണ്‍സ് നേടാനാവും?. ഏകദിന റെക്കോഡ് 36 റണ്‍സാണ്. 2006ല്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ദക്ഷിണാഫ്രിക്കയുടെ ഹര്‍ഷല്‍ ഗിബ്‌സും പപ്പുവ ന്യൂ ഗ്വിനിയക്കെതിരെ 2021ല്‍ യു.എസ്.എയുടെ ജസ്‌കരന്‍ മല്‍ഹോത്രയുമാണ് ഈ റെക്കോഡ് സ്വന്തമാക്കിയത്. ടെസ്റ്റില്‍ ഇന്ത്യയുടെ ജസ്പ്രീത് ബംറ നേടിയ 35 ഓവറിലെ കൂടിയ റണ്‍സ്. ടി20യില്‍ 2007ല്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ യുവരാജ് സിങും 2021ല്‍ ലങ്കയ്‌ക്കെതിരെ വിന്‍ഡീസിന്റെ കീറന്‍ പൊള്ളാഡുമാണ് 36 റണ്‍സ് അടിച്ചെടുത്തത്. ഐ. പി. എല്ലില്‍ രണ്ട് തവണ 37 റണ്‍സ് പിറന്നിട്ടുണ്ട്. കൊച്ചി ടസ്‌കേഴ്‌സിന്റെ പി പരമേശ്വരന്‍ ആര്‍. സി.ബിക്കെതിരെ 2011 ലും 2021ല്‍ സി.എസ്.കെക്കെതിരെ ആര്‍. സി. ബിയുടെ ഹര്‍ഷല്‍ പട്ടേലുമാണ് 37 റണ്‍സ് വഴങ്ങിയത്.
എന്നാല്‍ ഒരു ഓവറില്‍ 46 റണ്‍സ് എന്ന അവിശ്വസനീയ റെക്കോഡാണ് കുവൈത്തില്‍ കെ.സി.സി ഫ്രന്റ്‌സ് മൊബൈല്‍ ടി 20 ചാമ്പ്യന്‍ഷിപ്പില്‍ എന്‍. സി.എം ഇന്‍വെസ്റ്റ്‌മെന്റും ടാലി സി.സിയും തമ്മിലുള്ള മത്സരത്തിലാണ് ഒരു ഓവറില്‍ 46 റണ്‍സ് പിറന്നത്. എന്‍. സി.എമ്മിന്റെ വാസു, ടാലിയുടെ ഹര്‍മാനെയാണ് കണക്കിന് ശിക്ഷിച്ചത്. ആദ്യ പന്തില്‍ നോബോളും സിക്‌സറും, അടുത്ത പന്തില്‍ നാല് ബൈ റണ്ണുകള്‍, അടുത്ത അഞ്ചു പന്തും സിക്‌സറിന് പറത്തി. അവസാന പന്തില്‍ വീണ്ടും ബൗണ്ടറി മൊത്തം 46 റണ്‍സ്.