പാറ്റ്‌ന: ബിഹാറില്‍ ഉഷ്ണതരംഗത്തില്‍ ശനിയാഴ്ച മാത്രം 46 പേര്‍ മരിച്ചു. നൂറിലധികം പേര്‍ ഒരു ദിവസത്തിനിടെ ആശുപത്രിയില്‍ ചികിത്സ തേടി. മരിച്ചവരില്‍ അധികവും ഔറംഗാബാദ്, ഗയ, നവാഡ ജില്ലകളില്‍നിന്നുള്ളവരാണ്. ഔറംഗാബാദില്‍ മാത്രം 27 പേര്‍ മരിച്ചു.
നിരവധി പേര്‍ ഔറംഗാബാദിലെ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്ന് ഔറംഗാബാദ് സര്‍ക്കാര്‍ ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. സുരേന്ദ്ര പ്രസാദ് പറഞ്ഞു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഗയ ജില്ലയില്‍ 14 മരണമുണ്ടായതായി ജില്ലാ മജിസ്‌ട്രേട്ട് അഭിഷേക് സിംഗ് പറഞ്ഞു.
നവാഡയില്‍ അഞ്ചുപേര്‍ മരിച്ചതായും അധികൃതര്‍ അറിയിച്ചു. ഗയ, നവാഡ ജില്ലകളില്‍ അറുപതോളം പേര്‍ ചികിത്സയിലുണ്ട്.