X

മലപ്പുറം ജില്ലയില്‍ 45 വീടുകള്‍ക്ക് നാശനഷ്ടം; പൊന്നാനിയില്‍ 13 കുടുംബങ്ങളില്‍ നിന്നായി 66 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍

കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടം. ചൊവ്വാഴ്ച ഉച്ച മുതല്‍ ബുധനാഴ്ച ഉച്ച വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ 45 വീടുകള്‍ക്ക് നാശ നഷ്ടമുണ്ടായി. 4 വീടുകള്‍ പൂര്‍ണ്ണമായും 41 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പൊന്നാനി താലൂക്കിലാണ് കൂടുതല്‍ വീടുകള്‍ തകര്‍ന്നത്.

പൊന്നാനി-19, കൊണ്ടോട്ടി-9, ഏറനാട്-4, തിരൂര്‍-4, തിരൂരങ്ങാടി-3, െപരിന്തല്‍മണ്ണ-1, നിലമ്പൂര്‍-1 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം. ജില്ലയില്‍ പൊന്നാനി എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്. 13 കുടുംബങ്ങളില്‍ നിന്നായി 66 പേരാണ് ക്യാമ്പില്‍ കഴിയുന്നത്.

പൊന്നാനിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. ഇവിടെ 13 കുടുംബങ്ങളില്‍ നിന്നായി 66 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റി. മഞ്ചേരിയില്‍ 2 വാഹനങ്ങള്‍ക്കു മുകളില്‍ മരം വീണു. യാത്രക്കാര്‍ക്കു പരുക്കില്ല. പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ പെട്രോള്‍ പമ്പിനു സമീപം വന്‍തോതില്‍ മണ്ണിടിഞ്ഞതോടെ 3 വീടുകള്‍ അപകടാവസ്ഥയിലായി. ജില്ലയിലെ നദികളില്‍ ജലനിരപ്പുയര്‍ന്നെങ്കിലും അപകടകരമായ നിലയിലെത്തിയിട്ടില്ല. മഴ ഇതേ നിലയില്‍ തുടര്‍ന്നാല്‍ നദികള്‍ കരകവിയുമെന്ന ആശങ്കയുണ്ട്.

webdesk14: