കോള്‍ സെന്റര്‍ ജീവനക്കാരുടെ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്. പടിഞ്ഞാറന്‍ മെക്‌സിക്കോ നഗരമായ ഗ്വാദലഹാരയില്‍ കാണാതായ എട്ടുപേരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ വനത്തില്‍ നിന്ന് കണ്ടെടുത്തു. പൊലീസ് നടത്തിയ തിരച്ചിലിലാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.
45 ബാഗുകളാണ് അന്വേഷണസംഘം കാട്ടില്‍നിന്ന് കണ്ടെത്തിയത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരാവശിഷ്ടങ്ങള്‍ ഇതിലുണ്ടെന്ന് പൊലീസ് പറയുന്നു. എന്നാല്‍, ഇത് ആരുടെ മൃതദേഹങ്ങളാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ദുഷ്‌ക്കരമായ മേഖലയായതിനാല്‍ അടുത്ത ദിവസങ്ങളിലും തിരച്ചില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
മെക്‌സിക്കോ സംസ്ഥാനമായ ഹലിസ്‌കോയിലെ സപോപന്‍ നഗരത്തിലാണ് കഴിഞ്ഞാഴ്ച 8പേരെ കാണാതയത്. ഒരേ കോള്‍ സെന്ററില്‍ ജോലി ചെയ്യുന്നവരാണ് എല്ലാവരും. രണ്ട് സ്ത്രീകളും 6ുരുഷന്മാരുമാണ് കൂട്ടത്തിലുണ്ടായിരുന്നത്. കഴിഞ്ഞ മെയ് 20 മുതലാണ് ഇവരെ കാണാതായത്. എന്നാല്‍, വിവിധ ദിവസങ്ങളിലാണ് ജീവനക്കാരെ കാണാതായതായി എന്ന പരാതി ലഭിച്ചത്.
സംഭവത്തില്‍ ദുരൂഹത ശക്തമായതോടെയാണ് സമീപപ്രദേശങ്ങളിലെല്ലാം പൊലീസ് തിരച്ചില്‍ ശക്തമാക്കിയത്. ഇതിനിടെയാണ് ഗ്വാദലഹാരയിലെ വ്യവസായമേഖലയായ സപോപനിലെ ഒരു മലഞ്ചെരുവില്‍നിന്ന് ദുരൂഹമായ സാഹചര്യത്തില്‍ 50ഓളം ബാഗുകള്‍ കണ്ടെത്തിയത്.
ഇവര്‍ ജോലി ചെയ്തിരുന്ന കോള്‍ സെന്റര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നതായി സംശയിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. സ്ഥാപനത്തില്‍നിന്ന് കഞ്ചാവും രക്തക്കറയുള്ള വസ്ത്രങ്ങളും കണ്ടെടുത്തു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.