കൂട്ടിലങ്ങാടി: നാലു പതിറ്റാണ്ടിലേറെക്കാലം ഒരേ മദ്രസയില്‍ തുടര്‍ച്ചയായി അധ്യാപകനായി സേവനം ചെയ്ത് പടിയിറങ്ങുകയാണ.്
കൂട്ടിലങ്ങാടി മുഞ്ഞക്കുളം മിഫ്ത്താഹുല്‍ ഉലൂം മദ്രസയിലെ അധ്യാപകനായ കടൂപ്പുറത്തെ തേറമ്പന്‍ അബ്ദുല്‍ അസീസ് മുസ്ലിയാര്‍.
കൂട്ടിലങ്ങാടി കടൂപുറത്തെ പരേതരായ തേറമ്പന്‍ അലവിക്കുട്ടി മുസ്ലിയാരുടെയും ഫാത്തിമയുടെയും 4 മക്കളില്‍ മൂത്ത മകനായ അസീസ് മുസ്ല്യാര്‍ 1977 ഫെബ്രുവരിയിലാണ് മുഞ്ഞക്കുളം മദ്രസയില്‍ 55 രൂപ പ്രതിമാസ ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നത് .സമീപത്തൊന്നും മദ്രസകളില്ലാത്ത അക്കാലത്ത് അഞ്ചാം ക്ലാസ് വരെയുള്ള മദ്രസയില്‍ അയല്‍ പ്രദേശങ്ങളായ മൊട്ടമ്മല്‍, കടൂപ്പുറം, ഉന്നംതല, മെരുംകുന്ന്, പടിഞ്ഞാര്‍മണ്ണ, നെച്ചിക്കുറ്റി എന്നീ പ്രദേശങ്ങളില്‍ നിന്നെല്ലാം കുട്ടികള്‍ പഠനത്തിന് ഇവിടെ എത്തിയിരുന്നു. ഇന്നത്തെപ്പോലെ സിലബസും വ്യത്യസ്ത വിഷയങ്ങളിലെ പാഠപുസ്തകങ്ങള്‍ക്കും പകരം ഖുര്‍ആനും ദീനിയാത്തും അമലിയ്യാത്തും നമസ്‌ക്കാര ക്രമങ്ങളും മൗലിദ് കിതാബു മൊക്കെയായിരുന്നു പാഠ്യ വിഷയങ്ങള്‍.
ആധുനിക കാലത്തെ സംവിധാനങ്ങളും കെട്ടിട സൗകര്യങ്ങളും ഇല്ലാത്ത ചെറിയ സ്ഥലത്താണ് അഞ്ചാം ക്ലാസ് വരെയുള്ള മദ്രസ നടന്ന് വന്നിരുന്നത്.സ്‌കൂളില്‍ മൂന്നാം ക്ലാസും മദ്രസയില്‍ അഞ്ചാം തരവും വരെ പഠിച്ചിട്ടുള്ള അസീസ് മുസ്ലിയാര്‍
പറമ്പാട്ട് പറമ്പ മദ്രസയിലെ അധ്യാപകനായിരുന്ന പിതാവിന്റെ ശിഷ്യത്വത്തിലാണ് മത വിദ്യാഭ്യാസം നേടിയത്. പിതാവിനെ ക്ലാസില്‍ സഹായിക്കാന്‍ പലപ്പോഴും അസീസ് മൗലവി മദ്രസയില്‍ എത്തുമായിരുന്നു.
വൈകുന്നേരങ്ങളില്‍ വീട്ടില്‍ വെച്ച് നടത്തുന്ന പിതാവിന്റെ ഓത്തുപള്ളിയിലും ധാരാളം കുട്ടികള്‍ വരുമായിരുന്നുവെന്ന് എഴുപത്തഞ്ചുകാരനായ അസീസ് മുസ്ല്യാര്‍ ഓര്‍ക്കുന്നു. പിതാവിന്റെ മരണശേഷം 4 വര്‍ഷത്തോളം പറമ്പാട്ട് പറമ്പ് മദ്രസയില്‍ അധ്യാപകനായി ജോലി ചെയ്യുന്നതിനിടെയാണ് മുഞ്ഞക്കുളത്തേക്ക് വരുന്നത്.ഇതോടൊപ്പം 35 വര്‍ഷത്തോളം കടൂപ്പുറം ജുമാ മസ്ജിദില്‍ പരേതനായ ടി.പി. ഇപ്പമുസ്ലിയാരുടെ കൂടെ മുഅദ്ദിനായും സേവനം ചെയ്തു.
ഒരേ സ്ഥാപനത്തില്‍ 25 വര്‍ഷത്തിലേറെ സേവനം ചെയ്ത അധ്യാപകര്‍ക്കുള്ള സമസ്തയുടെ അവാര്‍ഡ് നേരത്തെ ലഭിച്ചിട്ടുണ്ട്.
എളിമയോടെയും സ്‌നേഹത്തോടെയും സദാ പുഞ്ചിരിയോടെയും കുട്ടികളുമായി ഇടപഴകിയിരുന്ന അദ്ദേഹം നാട്ടുകാര്‍ക്കൊക്കെ ഏറെ പ്രിയപ്പെട്ട അസീസ് മൊല്ലാക്കയായാണ് അറിയപ്പെടുന്നത്.മദ്രസയില്‍ നിന്നും പിരിഞ്ഞു പോകുന്നതില്‍ അസീസ് മുസ്ലിയാര്‍ക്കും മഹല്ല് കമ്മറ്റിക്കും നാട്ടുകാര്‍ക്കും ഒരുപോലെ മനപ്രയാസമുണ്ടെങ്കിലും അനാരോഗ്യം കാരണം തുടരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പടിയിറക്കം.
നാല് പതിറ്റാണ്ടിലേറെക്കാലം ഒരേ പ്രദേശത്തെ വിവിധ കുടുംബങ്ങളിലെ മക്കളും പേരമക്കളുമടങ്ങുന്ന മൂന്നു തലമുറയിലെ നൂറു കണക്കിന് പേര്‍ക്ക് മതവിജ്ഞാനം പകര്‍ന്ന് നല്‍കാന്‍ സാധിച്ചതിന്റെ ആത്മസംതൃപ്തിയിലാണ് അസീസ് മുസ്ലിയാര്‍.
ഭാര്യ:കോട്ട ആമിന (പെരിങ്ങോട്ടുപുലം)മദ്രസാധ്യാപകരായ അബ്ദുല്‍ ബഷീര്‍, അലവിക്കുട്ടി, മുഹമ്മദ് മുസ്തഫ, ശിഹാബുദ്ദീന്‍, ദര്‍സ് വിദ്യാര്‍ത്ഥിയായ അബൂബക്കര്‍,ഹഫ്‌സത്ത്, ബുഷ്‌റ, ഫാത്തിമ സുഹ്‌റ, സാഹിറ
എന്നിവര്‍ മക്കളാണ്.
മുഞ്ഞക്കുളം മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്ന് (7/11/21 ഞായര്‍ ) വൈകുന്നേരം 6.30 ന് മുഞ്ഞക്കുളം എ എം എല്‍ പി സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് തങ്ങളുടെ പ്രിയപ്പെട്ട അസീസ് മൊല്ലാക്കാക്ക് ഊഷ്മളമായ യാത്രയയപ്പ് നല്‍കും