X

കുതിര കച്ചവടം ഭയന്ന് ഒളിവില്‍; കോണ്‍ഗ്രസ് എം.എല്‍എമാര്‍ ഗുജറാത്തില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ കുതിരക്കച്ചവടം ഭയന്ന് ബംഗളൂരുവിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ച ഗുജറാത്ത് നിയമസഭയിലെ 44 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തല്‍സ്ഥാനത്തേക്ക് തിരിച്ചെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ 4.45 ടെ അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഇവരെ സ്വകാര്യ റിസോര്‍ട്ടിലേക്ക് മാറ്റി. വിമാനത്താവളത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. എം.എല്‍.എമാരെ സുരക്ഷാ ജീവനക്കാര്‍ വലയംചെയ്താണ് വിമാനത്താവളത്തില്‍നിന്ന് പുറത്തെത്തിച്ചത്.

ആഗസ്റ്റ് 8ന് ചൊവ്വാഴ്ച നടക്കുന്ന ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് പാര്‍ട്ടി എം.എല്‍.എമാരെ തിരികെയെത്തിച്ചത്. എം.എല്‍.എമാരെ സ്വീകരിക്കാനായി നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസുകാരും വിമാനത്താവളത്തില്‍ എത്തി.

ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്കു കൂടുമാറിയതോടെയാണ് ബിജെപിയുടെ കുതിരക്കച്ചവടം പ്രകടമായത്. തുടര്‍ന്ന് ജൂലൈ 29ന് പാര്‍ട്ടി എം.എല്‍.എമാരെ കോണ്‍ഗ്രസ് ഗുജറാത്തില്‍നിന്നു കര്‍ണാടകത്തിലേക്കു മാറ്റിയത്.

നാളെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ നിന്നും ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ വിജയം ബിജെപി ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ അഹമ്മദ് പട്ടേലിന് സാധ്യതയുള്ള മൂന്നാമത്തെ സീറ്റില്‍ മല്‍സരം കടുക്കുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി കൂടിയായ അഹമ്മദ് പട്ടേലിനെ വിജയിപ്പിക്കേണ്ടത് കോണ്‍ഗ്രസിന്റെ നിര്‍ബന്ധമാണ്്. അതേസമയം ഏതുവിധേനയും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഒരു സീറ്റിനായി ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന രാഷ്ട്രീയ യുദ്ധം ഇതോടെ ദേശീയ ശ്രദ്ധ നേടിയത്.

chandrika: