X

പാകിസ്താനിലെ മതന്യൂനപക്ഷങ്ങള്‍ക്ക് വിസ അനുവദിച്ചു കേന്ദ്രസര്‍ക്കാര്‍; പാന്‍ കാര്‍ഡും ആധാറും നല്‍കും

ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കാന്‍ നീക്കം നടത്തുന്നതിനിടെ ഇന്ത്യയില്‍ താമസിക്കുന്ന 431 പാകിസ്താന്‍ ഹിന്ദുക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘകാല വിസ അനുവദിച്ചു. ഇതോടെ പാന്‍, ആധാര്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാനുള്ള അര്‍ഹതയും ഇന്ത്യയില്‍ ഭൂമി വാങ്ങാനുള്ള അവകാശവും ഇവര്‍ക്ക് ലഭിക്കും. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ മതന്യുനപക്ഷങ്ങളെ സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിസ അനുവദിച്ചത്.

മ്യാന്‍മറിലെ വംശീയാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ തിരിച്ചയക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പാക് ഹിന്ദുക്കള്‍ക്ക് കഴിഞ്ഞമാസം വിസ അനുവദിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നത്. ഹിന്ദു, സിഖ്, ബുദ്ധമതക്കാര്‍, ജൈന മതക്കാര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ള മതന്യൂനപക്ഷ വിഭാഗക്കാര്‍.

കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടിയും ചെറുകിട തൊഴില്‍ ചെയ്യുന്നതിനും ആവശ്യമായ സ്ഥലം വാങ്ങാനാണ് അനുമതി. എന്നാല്‍ നിരോധിത- സംരക്ഷിത പ്രദേശങ്ങള്‍ക്കു സമീപം ഭൂമി വാങ്ങാനുള്ള അനുമതി ഇവര്‍ക്ക് നല്‍കിയിട്ടില്ല. ഇവര്‍ക്ക് പാന്‍, ആധാര്‍ കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയ്ക്ക് അപേക്ഷിക്കുകയും ചെയ്യാം. ബാങ്ക് അക്കൗണ്ടുകളും തുടങ്ങാം. താമസിക്കുന്ന സംസ്ഥാനത്തിനുള്ളില്‍ പൂര്‍ണ സഞ്ചാരസ്വാതന്ത്ര്യവും ഇവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഡിസംബര്‍ 29 മുതല്‍ 31വരെ പഞ്ചാബില്‍ നടക്കുന്ന ജല്‍സ സലാന ഉത്സവത്തില്‍ പങ്കെടുക്കാന്‍ പാകിസ്താനിലെ അഹമ്മദീയ സമുദായത്തിലെ 1880 പേര്‍ക്ക് ഇന്ത്യ അടുത്തിടെ സുരക്ഷാ അനുമതി നല്‍കിയിരുന്നു. അഹമ്മദീയ സമുദായത്തിന്റെ കൂടിച്ചേരലാണ് ജല്‍സ സലാന ഉത്സവം. ഇതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ തവണ പാകിസ്താനില്‍ നിന്ന് ആര്‍ക്കും കേന്ദ്രം അനുമതി കൊടുത്തിരുന്നില്ല. 2015ല്‍ 5000 പേര്‍ പങ്കെടുത്തിരുന്നു.

chandrika: