ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് 42 അകമ്പടി വാഹനങ്ങള്‍. മുന്‍ മുഖ്യമന്ത്രിമാരുടേതിലും അധികം വാഹനങ്ങളാണ് മന്നിന്റെ അകമ്പടി വാഹന വ്യൂഹത്തിലുള്ളതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. വി.ഐ.പി സംസ്‌കാരം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടി ജനങ്ങളെ വഞ്ചിച്ചെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
മുന്‍ മുഖ്യമന്ത്രിമാരായ പ്രകാശ് സിങ്് ബാദലോ അമരീന്ദര്‍ സിങോ ചരണ്‍ജിത് സിങ് ഛന്നിയോ ഇത്രയധികം വാഹനങ്ങള്‍ അകമ്പടിക്ക് ഉപയോഗിച്ചിരുന്നില്ല. പ്രകാശ് സിങ് ബാദല്‍ മുഖ്യമന്ത്രിയായിരുന്ന 2007-17 വരെ 33 വാഹനങ്ങളാണ് അകമ്പടിക്ക് ഉണ്ടായിരുന്നത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയായപ്പോഴും അക്കാര്യത്തില്‍ മാറ്റമുണ്ടായില്ല. ഛന്നിയുടെ കാര്യത്തിലും 39നപ്പുറം പോയില്ല. പക്ഷേ, ആം ആദ്മി മുഖ്യമന്ത്രിക്ക് ഇപ്പോള്‍ 42 കാറുകളാണ് അകമ്പടിയുള്ളത്- കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് ബജ്‌വ ട്വീറ്റ് ചെയ്തു. അതേസമയം, ഇക്കാര്യത്തില്‍ ആം ആദ്മി പാര്‍ട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.