തിരുവനന്തപുരം: കോവിഡ് വ്യാപന കാലത്ത് സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തതിന് രജിസ്റ്റര്‍ ചെയ്തത് 42 ലക്ഷം കേസുകള്‍. ക്വാറന്റീന്‍ ലംഘനത്തിന് 14,981 ആളുകളുടെ പേരിലും കേസെടുത്തിട്ടുണ്ട്. 5,36,911 വാഹനങ്ങളാണ് പിടിച്ചെടുത്തത്. സംസ്ഥാനത്ത് കോവിഡ് വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.
സംസ്ഥാനത്ത് 2020ല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മാസ്‌ക് ധരിക്കാത്തവര്‍ക്കും ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്കും എതിരായി കേസെടുക്കാന്‍ തുടങ്ങിയത്. കേരളത്തില്‍ ആദ്യ ലോക്ഡൗണ്‍ ആരംഭിച്ചതോടെ പൊലീസ് കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. തുടര്‍ന്ന് കോവിഡ് നിയന്ത്രണ ലംഘന കേസുകളും വര്‍ധിച്ചു.
2020 ഓഗസ്റ്റില്‍ മാത്രം 2,56,670 ആളുകളുടെ പേരില്‍ കേസെടുത്തു. കഴിഞ്ഞ വര്‍ഷാരംഭത്തില്‍ മാസ്‌ക് ധരിക്കാത്തതിന് കേസ് എടുത്തവരുടെ എണ്ണം കുറവായിരുന്നു. ക്വാറന്റീന്‍ ലംഘനത്തിനും വളരെ ചുരുക്കം ചില ആളുകളുടെ പേരില്‍ മാത്രമാണ് കേസ് എടുത്തത്. മേയ് മാസത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെയും ക്വാറന്റീന്‍ ലംഘിച്ചവര്‍ക്കെതിരെയും കേസ് എടുക്കുന്നത് കൂടുതല്‍ ശക്തമാക്കി. 2021 മാര്‍ച്ചില്‍ 61868 പേര്‍ക്കെതിരെ മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തു. ഏപ്രിലില്‍ 360095 പേര്‍ക്കെതിരെയും കേസെടുത്തു. പിന്നീടിങ്ങോട്ട് ഈമാസം ആദ്യം വരെ മാസ്‌ക് ഇല്ലാത്തതിന് വലിയ തോതില്‍ത്തന്നെ കേസെടുത്തു.
കോവിഡ് നിയന്ത്രണ ലംഘനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 12,27,065 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മിക്ക കേസുകളിലും പിഴയിടാക്കി കേസ് അവസാനിപ്പിച്ചിരുന്നു. ബാക്കിയുള്ളവ കോടതിയുടെ പരിഗണനയിലാണ്.