X

രണ്ടു ദിവസത്തെ ജി20 ഉച്ചകോടിക്ക് മോടി പിടിപ്പിക്കാന്‍ ചിലവിട്ടത് 4100 കോടി രൂപ

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ജി20 ഉച്ചകോടിക്ക് ഒരുങ്ങാന്‍ ചെലവ് 4100 കോടി. വേദികളുടെ സജ്ജീകരണവും ഡല്‍ഹിയുടെ സൗന്ദര്യ വല്‍ക്കരണവും റോഡുകളുടെ പുനരുദ്ധാരണവും അതിഥികളെ സ്വീകരിക്കാനുള്ള മുന്നൊരുക്കങ്ങളും അടക്കം വിവിധ ഘട്ടങ്ങളിലായി ചെലവഴിച്ച തുകകളുടെ കണക്കാണിത്.

ജി 20 ഉച്ചകോടിക്ക് മുന്നോടിയായി രാജ്യത്തെ 50 ഓളം നഗരങ്ങളിലായി നടന്ന 200ഓളം ഷെര്‍പ്പകളുടെ സമ്മേളനത്തിന് ചെലവിട്ട തുകയും ഇതില്‍ ഉള്‍പ്പെടും. കേരളത്തിലെ കുമരകവും ഷെര്‍പ്പ (ഉദ്യോഗസ്ഥര്‍) സംഗമത്തിന് വേദിയായിരുന്നു. പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപം കണ്‍വന്‍ഷന്‍ സെന്റര്‍ ആണ് ഉച്ചകോടിയുടെ വേദി. കോടികള്‍ ചെലവിട്ടാണ് കണ്‍വന്‍ഷന്‍ സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഭാരത് മണ്ഡപം അലങ്കാര വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുമ്പോള്‍, അതേ രീതിയില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റൊരു ഇടമുണ്ട്. ഡല്‍ഹിയിലെ ചേരികളാണ് അവ. വിദേശ രാഷ്ട്ര തലവന്മാരുടെ കണ്ണില്‍ പെടാതിരിക്കാന്‍ കൂറ്റന്‍ മറകള്‍ സ്ഥാപിച്ചാണ് ചേരികളെ മറച്ചിരിക്കുന്നത്. പച്ച നിറത്തില്‍ തുണികൊണ്ട് നിര്‍മ്മിച്ച മറകളില്‍ ലോക നേതാക്കളെ സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ഫ്‌ളക്‌സുകളും സ്ഥാപിച്ചിട്ടുണ്ട്.

പ്രധാന വേദിയായ പ്രഗതി മൈതാനിക്കു സമീപമുള്ള ചേരി ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു. ശതകോടികള്‍ ചെലവിട്ട് നടത്തുന്ന മഹാസമ്മേളനങ്ങള്‍ക്കു വേണ്ടി കുടിയിറക്കപ്പെടുമ്പോള്‍, ഞങ്ങളെ പുനരധിവസിപ്പിക്കാന്‍ എന്തുകൊണ്ട് അതില്‍ ചെറിയൊരു തുക നീക്കിവച്ചുകൂട എന്ന ചേരി നിവാസികളുടെ ചോദ്യം ഉത്തരംകിട്ടാതെ നില്‍ക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ 980 കോടിയാണ് ജി20 ഒരുക്കങ്ങള്‍ക്ക് അനുവദിച്ചത്. വിദേശ കാര്യ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതത്തിലാണ് തുക വകയിരുത്തിയത്. തൊട്ടു മുമ്പത്തെ ബജറ്റില്‍ നീക്കിവച്ച തുകക്കു പുറമെയായിരുന്നു ഇത്. ഭാരത് മണ്ഡപം ഒരുക്കാന്‍ മാത്രം 2017ല്‍ 2400 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ജി 20 ഒരുക്കങ്ങള്‍ക്ക് തുക അനുവദിച്ചതിലും ചെലവഴിച്ചതിലും പൊരുത്തക്കെടുണ്ടെന്ന് നേരത്തെ സി. എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

webdesk11: