ന്യൂഡല്‍ഹി: സിഗ്‌നല്‍ തകരാറാണ് ബാലസോര്‍ ദുരന്തത്തിലേക്ക് നയിച്ചതെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ അറിയിച്ചു. റെയില്‍വേ സേഫ്റ്റി കമീഷണറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാമര്‍ശം. റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചതിന് ശേഷം ഇതാദ്യമായാണ് റെയില്‍വേ മന്ത്രി പ്രതികരിക്കുന്നത്.സിഗ്‌നലിങ് സര്‍ക്യൂട്ടത്തിലെ മാറ്റത്തിലുണ്ടായ വീഴ്ചകളാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് റെയില്‍വേ സേഫ്റ്റി കമീഷണറുടെ കണ്ടെത്തല്‍. പിഴവ് മൂലം തെറ്റായ ലൈനില്‍ ഗ്രീന്‍ സിഗ്‌നല്‍ കാണിക്കുകയായിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു. 295 യാത്രക്കാര്‍ മരിച്ച സംഭവത്തില്‍ 41 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്ന് റെയില്‍വേ മന്ത്രി വ്യക്തമാക്കി.