X

റഷ്യന്‍ വിമാന ദുരന്തം ഇടിമിന്നലെന്ന് സംശയം; മരണം 41

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെ വിമാനത്തിന് തീപിടിച്ച അപകടത്തില്‍ മരണം 41 ആയി. അതേസമയം വിമാനത്തിന് തീപിടിക്കാന്‍ കാരണം ഇടിമിന്നലാണെന്ന് റിപ്പോര്‍ട്ട്. വിമാനം തകരുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ സിസിടിവിയില്‍ പ്രചരിക്കുന്നുണ്ട്. വിമാനം റണ്‍വേയില്‍ ടച്ച് ചെയ്യുന്നതും പിന്നീട് പൊങ്ങുന്നതും തൊട്ടുപിന്നാലെ എന്‍ജിനുകള്‍ക്ക് തീപിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇടിമിന്നലിനെ തുടര്‍ന്നാണ് വിമാനത്തിന് പെട്ടെന്ന് തീപിടിച്ചതെന്നാണ് സംശംയം.

അതേസമയം ഇടിമിന്നലിനെ പ്രതിരോധിക്കാന്‍ സാധിക്കുന്ന സംവിധാനത്തോടെയാണ് ആധുനിക വിമാനങ്ങളെല്ലാം നിര്‍മിക്കുന്നത്. അതിനാല്‍ തന്നെ ഇടിമിന്നലല്‍ ആരോപണം സംബന്ധിച്ച വാര്‍ത്തയോട് പ്രതികരിക്കാന്‍ റഷ്യന്‍ വൃത്തങ്ങള്‍ തയാറായിട്ടില്ല. യന്ത്രത്തകരാറിനെത്തുടര്‍ന്ന് വിമാനം എയര്‍പോര്‍ട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് മാത്രമാണ് എയറോഫ്‌ളോട്ട് എയര്‍ലൈന്‍സ് അറിയിച്ചത്.

മോസ്‌കോയിലെ ഷെറെമെറ്റിയേവോ വിമാനത്താവളത്തിലാണ് അപകടം നടന്നത്. റഷ്യന്‍ നഗരമായ മുന്‍മാന്‍സ്‌കിലേക്ക് പുറപ്പെട്ട സുഖോയ് സൂപ്പര്‍ജെറ്റ് വിമാനം പറന്നുയര്‍ന്ന് അര മണിക്കൂറിന് ശേഷം തിരിച്ചിറക്കുകയായിരുന്നു. അപകടം മനസ്സിലാക്കിയ പൈലറ്റ് വിമാനം തിരിച്ചിറക്കുകയായിരുന്നെന്നാണ് വിവരം.

ഇന്ധനം പൂര്‍ണമായി നിറച്ചനിലയിലാണ് വിമാനം അടിയന്തര ലാന്‍ഡിങിന് ശ്രമിച്ചത്. എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ധനടാങ്കുകള്‍ ഉപേക്ഷിക്കാന്‍ പൈലറ്റിന് സാധിച്ചില്ല. 73 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അഗ്നിഗോളമായി മാറിയ വിമാനത്തിന്റെ മുന്‍ ഭാഗത്തുകൂടി ചിലര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. 37 പേര്‍ രക്ഷപ്പെട്ടു.

chandrika: