X

യു.എസ് ഉപരോധ ഭീഷണിക്കിടെ റഷ്യയുമായി; 40,000 കോടിയുടെ പ്രതിരോധ കരാര്‍

 

ന്യൂഡല്‍ഹി: അമേരിക്കയുടെ ഉപരോധഭീഷണി നിലനില്‍ക്കെ റഷ്യയില്‍ നിന്ന് അത്യാധുനിക മിസൈല്‍ സംവിധാനം വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചു. വ്യോമ പ്രതിരോധത്തിനുള്ള അത്യാധുനിക മിസൈല്‍ സംവിധാനമായ എസ് 400 ട്രയംഫ് വാങ്ങാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.
2020 ല്‍ റഷ്യ ഇത് ഇന്ത്യയ്ക്കു നല്‍കി തുടങ്ങും. ഇന്ത്യ സന്ദര്‍ശിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണു കരാര്‍ ഒപ്പുവച്ചത്. ഉപഭൂഖണ്ഡത്തിലെ പ്രതിരോധ വെല്ലുവിളികളെ നേരിടാന്‍ എസ് 400 ട്രയംഫ് മിസൈല്‍ സംവിധാനം ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഈ മിസൈല്‍ എത്തുന്നതോടെ ഇന്ത്യ-ചൈന 4000 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ രാജ്യത്തിന്റെ വ്യോമപ്രതിരോധം കൂടുതല്‍ കരുത്തുറ്റതാകും. ഇതിന് പുറമെ ബഹിരാകാശ സഹകരണം അടക്കം 20 കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. സൈബേരിയയിലെ നോവോസിബിര്‍ക്കിന് സമീപം ഇന്ത്യ നിരീക്ഷണ കേന്ദ്രവും സ്ഥാപിക്കും.
വികസനത്തില്‍ ഇന്ത്യയുടെ പങ്കാളിയാണ് റഷ്യയെന്ന് സംയുക്ത പ്രസ്താവനയില്‍ മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിരോധ സാങ്കേതിക സഹകരണം സംബന്ധിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തിയെന്ന് പുടിനും പ്രതികരിച്ചു. കൂടംകൂളം ആണവ നിലയത്തിന്റെ സംഭരണശേഷി വര്‍ധിപ്പിക്കുമെന്ന് പറഞ്ഞ പുടിന്‍ 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 20 ആണവനിലയങ്ങള്‍ സ്ഥാപിക്കുമെന്നും അറിയിച്ചു. 40,000 കോടി രൂപയ്ക്ക് അഞ്ച് എസ് 400 മിസൈല്‍ സംവിധാനമാണ് ഇന്ത്യ വാങ്ങുന്നത്. കൂടാതെ റഷ്യയില്‍നിന്നുള്ള നാലു ചെറു യുദ്ധക്കപ്പലുകള്‍ നാവികസേനക്ക് കൈമാറും. രണ്ടെണ്ണം റഷ്യയില്‍നിന്നു വാങ്ങാനും ബാക്കിയുള്ളവ സാങ്കേതിക വിദ്യാ കൈമാറ്റത്തോടെ ഗോവ ഷിപ്പ് യാര്‍ഡില്‍ നിര്‍മിക്കാനുമാണ് പദ്ധതി 15,840 കോടി രൂപയാണ് ഇതിന്റെ ചെലവ്.
വ്യാഴാഴ്ച രാത്രി ഡല്‍ഹി വിമാനത്താവളത്തിലെത്തിയ പുടിനെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് സ്വീകരിച്ചത്. ഡെപ്യൂട്ടി പ്രധാനമന്ത്രി യുറി ബോറിസോവ്, വിദേശകാര്യ മന്ത്രി സെര്‍ജി ലാറോവ്, വ്യാവസായ മന്ത്രി ഡെനിസ് മന്റുറോവ് തുടങ്ങിയവരും പുടിനൊപ്പമുണ്ടായിരുന്നു. ഇതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലെ അത്താഴ വിരുന്നിലും അദ്ദേഹം പങ്കെടുത്തു.
അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുയരുന്ന തീവ്രവാദ ഭീഷണി, ഇറാനില്‍നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള യുഎസ് ഉപരോധം എന്നീ വിഷയങ്ങളിലും മോദിയും പുടിനും ചര്‍ച്ച നടത്തി. 19-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയിലും പങ്കെടുത്ത പുടിന്‍, രാഷ്ട്രപതി റാംനാഥ് കോവിന്ദുമായും കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് അദ്ദേഹം റഷ്യയിലേക്ക് മടങ്ങി. റഷ്യയില്‍ നിന്ന് മിസൈലുകള്‍ വാങ്ങിയാല്‍ ഉപരോധം നേരിടേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.

chandrika: