ബാരക്പൂര്‍: ഗ്യാന്‍വാപി മസ്ജിദ് നിന്ന സ്ഥലത്ത് അമ്പലം പണിയുമെന്ന വിദ്വേഷ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ . ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 400 സീറ്റ് നേടിയാല്‍ ഗ്യാന്‍വാപി മസ്ജിദ് നില്‍ക്കുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുമെന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രസ്താവന.
പതിനേഴാം നൂറ്റാണ്ടില്‍ ഗ്യാന്‍വാപി നില നിന്ന സ്ഥലത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
അവകാശപ്പെട്ടിരുന്നു.
‘ഗ്യാന്‍വാപി നിലനില്‍ക്കുന്ന സ്ഥലത്ത് നമുക്ക് കാണേണ്ടത് അമ്പലമാണ്. അതിനായി നമുക്ക് പരിശ്രമിക്കേണ്ടതുണ്ട്,’ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. രാമക്ഷേത്ര സ്ഥലത്ത് വീണ്ടും ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെടുന്നില്ലെന്നും നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതിനായി 400 സീറ്റ് എന്ന ലക്ഷ്യം നമുക്ക് കൈവരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1992 ഡിസംബറില്‍ ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്ത ബാബറി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 22ന് മോദിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങിലാണ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത് .
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് കൊണ്ടു വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ ഹിമന്ത ബിശ്വ ശര്‍മ്മ, പ്രധാന മന്ത്രിക്ക് ഇനിയും പൂര്‍ത്തിയാക്കാന്‍ നിരവധി ജോലികള്‍ ഉണ്ടെന്നും അതിനായി നിങ്ങള്‍ കൂടെ നില്‍ക്കണമെന്നും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
തര്‍ക്കസ്ഥലത്ത് ഹിന്ദു ക്ഷേത്രം നിര്‍മിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഡിസംബറിലെ ഉത്തരവിനെ ചോദ്യം ചെയ്ത് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി നല്‍കിയ ഹരജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഹിമന്തയുടെ പുതിയ വിദ്വേഷ പരാമര്‍ശം.