X
    Categories: indiaNews

‘ചാണകം റേഡിയേഷന്‍ കുറക്കുന്നുണ്ടെങ്കില്‍ തെളിവെവിടെ? ‘; 400 ശാസ്ത്രജ്ഞരുടെ കത്ത്

ന്യൂഡല്‍ഹി: ‘ചാണകം റേഡിയേഷന്‍ കുറക്കുന്നു എന്നതിന് തെളിവ് നല്‍കണം എന്നാവശ്യപ്പെട്ട് നാനൂറോളം ശാസ്ത്രജ്ഞര്‍ രംഗത്ത്.
രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭായ് കതിരിയയുടെ പരാമര്‍ശത്തിനെതിരെയാണ് ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രസ്താവനക്ക് തെളിവ് ആവശ്യപ്പെട്ട് രാജ്യത്തെ 400 ഓളം ശാസ്ത്രജ്ഞര്‍ കതിരിയക്ക് തുറന്നകത്തെഴുതി.

ഒക്‌ടോബര്‍ 13ന് നടന്ന വാര്‍ത്തസമ്മേളനത്തില്‍ കതിരിയ ‘ചാണകചിപ്പ്’ അവതരിപ്പിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ കൊണ്ടുനടക്കുമ്പോഴുണ്ടാകുന്ന റേഡിയേഷന്‍ കുറക്കാന്‍ ഈ ചിപ്പ് വഴി സാധിക്കുമെന്നും കതിരിയ പറഞ്ഞിരുന്നു.

ഐ.ഐ.ടി ബോംബേ, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസേര്‍ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് സയന്‍സ് എഡ്യുകേഷന്‍ ആന്‍ റിസര്‍ച് അടക്കമുള്ളവിടിങ്ങളിലെ ശാസ്ത്രജ്ഞരാണ് കത്തെഴുതിയിരിക്കുന്നത്. ”നിങ്ങളുടെ പ്രസംഗത്തില്‍ എല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്ന് പലകുറി പറഞ്ഞുകണ്ടു, എവിടെയാണ് ശാസ്ത്രീയ പരീക്ഷണം നടത്തിയത്, ആരൊക്കെയായിരുന്നു മുഖ്യ ഗവേഷകര്‍, എവിടെയാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്, ഇതുമായി പദ്ധപ്പെട്ട വിവരങ്ങള്‍ എന്തൊക്കെയാണ്’ തുടങ്ങിയ ചോദ്യങ്ങള്‍ ശാസ്ത്രജ്ഞര്‍ കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

വാദങ്ങള്‍ തെളിയിക്കാനായില്ലെങ്കില്‍ ഭരണഘടനക്കെതിരാണ് താങ്കളുടെ പ്രവര്‍ത്തി എന്നുപറയേണ്ടി വരും. ആര്‍ട്ടിക്കിള്‍ 51 എയില്‍ ശാസ്ത്രീയ അവബോധം വളര്‍ത്തേണ്ടത് എല്ലാ ഇന്ത്യക്കാരുടെയും കര്‍ത്തവ്യമാണെന്ന് പറയുന്നുണ്ടെന്നും കത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

chandrika: