നിർധന രോഗികളുടെ ചികിത്സയ്ക്കായുള്ള സര്‍ക്കാരിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നു. കോടികൾ കുടിശിക ആയതോടെയാണ് പിന്മാറ്റം. നാനൂറ് കോടി രൂപയാണ് സ്വകാര്യ ആശുപത്രികൾക്ക് നൽകാൻ ഉള്ളത്..
നാനൂറോളം സ്വകാര്യ ആശുപത്രികളാണ് സര്‍ക്കാരിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്നത്. രോഗി ആശുപത്രി വിട്ട് പതിനഞ്ചു ദിവസത്തിനകം പണം ആശുപത്രിക്ക് കൈമാറണം എന്നാണ് വ്യവസ്ഥ. വൈകുന്ന ഓരോ ദിവസത്തിനും പലിശ നൽകണം. എന്നാൽ മാസങ്ങളായി ഈ തുക കുടിശികയാണ്. മലപ്പുറം ജില്ലയിൽ മാത്രം നൂറ് കോടി രൂപയോളമാണ് കുടിശിക.
സ്വകാര്യ ആശുപത്രികളുടെ തീരുമാനം നിർധന രോഗികളെ പ്രതികൂലമായി ബാധിക്കും. 150 ഓളം ആശുപത്രികൾ പദ്ധതിയിൽ നിന്ന് പിന്മാറി. പണം നൽകിയില്ലെങ്കിൽ മറ്റു ആശുപത്രികളും ഉടൻ പിന്മാറും. ഇക്കഴിഞ്ഞ ഒക്ടോബറിലും പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന് ആശുപത്രികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ ഉടൻ കുടിശിക തീർക്കാമെന്ന സർക്കാർ ഉറപ്പിൻമേൽ തുടർന്നും സഹകരിക്കാൻ തയ്യാറായി. രണ്ട് മാസം പിന്നിട്ടിട്ടും തുച്ഛമായ പണം മാത്രമാണ് ലഭിച്ചതെന്നാണ് പരാതി. കേന്ദ്ര സഹായം ലഭിക്കാത്തതും രോഗികളുടെ എണ്ണത്തിൽ ഉണ്ടായ വർധനയുമാണ് പ്രശ്നത്തിന് കാരണമെന്നാണ് സർക്കാർ വിശദീകരണം