X

ബി.ജെ.പിയിലെയും ജെ.ഡി.എസിലെയും 40 നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്; വെളിപ്പെടുത്തലുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍

ബി.ജെ.പിയിലെയും ജെ.ഡി.എസിലെയും 40 നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ആം ആദ്മി പാര്‍ട്ടിയിലെ 100 പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് വരാന്‍ താല്‍പര്യം കാണിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി സഖ്യത്തില്‍ ചേരാനുള്ള ജെ.ഡി.എസ് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത്. ഈ നേതാക്കളുടെ അപേക്ഷ പാര്‍ട്ടി നേതൃത്വം പരിശോധിച്ചുവരികയാണ്. പ്രാദേശിക നേതൃത്വവുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ ഇവരുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുകയുള്ളു.

ബി.ജെ.പിയിലെയും ജെ.ഡി.എസിലെയും നേതാക്കളുടെ വരവ് പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, നേതാക്കളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല.

ഇത്രയും നേതാക്കള്‍ ഒറ്റയടിക്ക് കോണ്‍ഗ്രസിലെത്തുന്നതോടെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഭരണ മാറ്റത്തിനും വഴിയൊരുങ്ങുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കൂടാതെ, ബി.ജെ.പിജെ.ഡി.എസ് സഖ്യത്തിലും വിള്ളലുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

webdesk13: