കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിദേശ എംബസികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ വന്‍ ചാവേര്‍ സ്‌ഫോടനം. 95 പേര്‍ മരിച്ചു. 158 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് അഫ്ഗാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിരവധി സര്‍ക്കാര്‍ കാര്യാലയങ്ങളും വിദേശ രാജ്യങ്ങളുടെ നയതന്ത്ര ഓഫീസുകളും പ്രവര്‍ത്തിക്കുന്ന സദ്‌റത് സ്‌ക്വയറില്‍ ആണ് സ്‌ഫോടനം നടന്നത്. അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കാര്യാലയവും യൂറോപ്യന്‍ യൂണിയന്‍ എംബസിയും ഇന്ത്യന്‍ കോണ്‍സുലേറ്റും പ്രവര്‍ത്തിക്കുന്നത് ഇതിനു സമീപമാണ്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ഏതെല്ലാം രാജ്യത്തുനിന്ന് ഉള്ളവരാണെന്ന് വ്യക്തമായിട്ടില്ല.
കാബൂളില്‍ വിദേശികള്‍ തങ്ങുന്ന ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ 20 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്ന് ഒരാഴ്ച പിന്നിടും മുമ്പാണ് രാജ്യത്തെ നടുക്കിയ മറ്റൊരു സ്‌ഫോടനം. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.
അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള മേഖലയില്‍ അത്യാഹിത നിലയിലുള്ള രോഗിയേയും കൊണ്ട് ആസ്പത്രിയിലേക്ക് പോകുകയാണെന്ന വ്യാജന ആംബുലന്‍സില്‍ ആണ് അക്രമികള്‍ എത്തിയത്. ആദ്യ ചെക്‌പോസ്റ്റ് കടന്ന ശേഷം രണ്ടാമത്തെ ചെക്‌പോസ്റ്റിനു സമീപം എത്തിയപ്പോള്‍ അക്രമികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. ഇതോടെ ആംബുലന്‍സിന്റെ ഡ്രൈവര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വഹീദ് മജ്‌റൂഹ് പറഞ്ഞു.
ശരീരത്തില്‍ ഘടിപ്പിച്ചതിനു പുറമെ അംബുലന്‍സിലും സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരുന്നതിനാല്‍ ഉഗ്ര സ്‌ഫോടനമാണുണ്ടായത്. കൂറ്റന്‍ ശബ്ദത്തോടെയാണ് സ്‌ഫോടനം നടന്നതെന്നും കറുത്ത പുക ആകാശത്തിലേക്ക് പടരുന്നത് കാണാമായിരുന്നുവെന്നും ദൃക്‌സാക്ഷികളെ ഉദ്ദരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. എങ്ങും ശരീരങ്ങള്‍ ചിതറിക്കിടക്കുന്നതും കൂട്ട നിലവിളിയുമാണ് കാണാനായതെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ അഹമ്മദ് നവീദ് പറഞ്ഞു.
സര്‍ക്കാര്‍ ഓഫീസുകള്‍ക്കു പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വാണിജ്യ കേന്ദ്രങ്ങളും ജംഹൂറിയത് ആസ്പത്രിയും ഇതിനു സമീപം പ്രവര്‍ത്തിക്കുന്നുണ്ട്. ജംഹൂറിയത് ആസ്പത്രിയിലേക്ക് എന്ന വ്യാജേനയാണ് ആംബുലന്‍സ് എത്തിയത്. പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമമല്ല, കൂട്ടക്കൊലയാണ് അരങ്ങേറിയതെന്നായിരുന്നു ട്രോമാ കെയര്‍ സേവന രംഗത്ത് സജീവമായ ഇറ്റാലിയന്‍ സന്നദ്ധ സംഘടന എമര്‍ജന്‍സിയുടെ തലവന്‍ ഡിജാന്‍ പാനികിന്റെ പ്രതികരണം. ഇവരുടെ ആസ്പത്രിയില്‍ മാത്രം പരിക്കേറ്റ 50ലധികം പേരെ എത്തിച്ചിട്ടുണ്ട്.
താലിബാനുമായി അഫ്ഗാന്‍ സര്‍ക്കാര്‍ നടത്തിവരുന്ന സമാധാന ചര്‍ച്ചകള്‍ക്ക് കേന്ദ്രമാകുന്ന ഹൈ പീസ് കൗണ്‍സിലിന്റെ കാര്യാലയത്തിനു തൊട്ടു മുന്നിലായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ ചിതറിത്തെറിക്കുകയും ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കിലോമീറ്ററുകള്‍ അകലേക്ക് വരെ സ്‌ഫോടനത്തിന്റെ ആഘാതമുണ്ടായി. കെട്ടിടങ്ങള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ചു. വാഹനാവശിഷ്ടങ്ങളും ശരീരാവശിഷ്ടങ്ങളും ചിതറിത്തെറിച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. താരതമ്യേന നിരക്കു കുറവുള്ള ദിനമായിരുന്നു ഇന്നലെയെന്ന് ദൃക്‌സാക്ഷികളെ ഉദ്ദരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ഉച്ച ഭക്ഷണത്തിനായി സര്‍ക്കാര്‍ ഓഫീസുകളും മറ്റും അടച്ച സമയത്താണ് സ്‌ഫോടനം നടന്നത്. അതിനാല്‍ തെരുവില്‍ തിരക്ക് കൂടതലായിരുന്നു. ഇത് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.