X
    Categories: Newsworld

വിഷപ്പാമ്പുകളും വന്യ മൃഗങ്ങളും വാഴുന്ന ആമസോണ്‍ കാട്ടില്‍ 40 ദിവസം; അതിജീവനത്തിന്റെ പുത്തന്‍ പാഠം

ബഗോട്ട (കൊളംബിയ) : ദുരന്ത മുഖത്തുനിന്നുള്ള മനുഷ്യന്റെ അതിജീവനം ലോകത്തെ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആ അതിജീവനങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിനാണ് ഇന്നലെ കൊളംബിയ സാക്ഷിയായത്. ചെറു യാത്രാ വിമാനം തകര്‍ന്ന് ലോകത്തെ ഏറ്റവും നിബിഡ വനമായ, വിഷപ്പാമ്പുകളും വന്യ മൃഗങ്ങളും വാഴുന്ന ആമസോണ്‍ കാടുകളില്‍ അകപ്പെട്ടുപോയ നാലു സഹോദരങ്ങള്‍. ഒരു കുട്ടിക്ക് പ്രായം ഒരു വയസ്സു മാത്രം, മറ്റുള്ളവര്‍ക്ക് നാലും ഒമ്പതും 13ഉം വയസ്സ്. ലോകത്തെ അത്ഭുത പരതന്ത്രരാക്കി 40 ദിവസത്തിനു ശേഷം അവര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി. അത്യപൂര്‍വ്വമായ രക്ഷാ പ്രവര്‍ത്തനത്തിലൂടെ.

മെയ് ഒന്നിനാണ് കുടുംബം സഞ്ചരിച്ച ചെറു വിമാനം ആമസോണ്‍ വനത്തില്‍ തകര്‍ന്നു വീണത്. ആമസോണ്‍ പ്രവിശ്യയിലെ ആരാകോറയില്‍ നിന്നും സന്‍ജോസ് ഡെല്‍ ഗുവാവിയറയിലേക്കുള്ള യാത്രക്കിടെയായിരുന്നു ദുരന്തം. കുട്ടികളുടെ അമ്മയും രണ്ടു പൈലറ്റുമാരും അപകടത്തില്‍ മരിച്ചിരുന്നു. വിമാനം തകര്‍ന്നു വീണ സ്ഥലത്തുനിന്നു തന്നെ ഇവരുടെ മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തി. എന്നാല്‍ കുട്ടികളെ ഇവിടെ കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് കുട്ടികള്‍ ജീവനോടെയിരിക്കുന്നുണ്ടെന്ന സൂചന ലഭിച്ചത്. തുടര്‍ന്ന് കൊളംബിയന്‍ ഭരണകൂടം സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് തിരച്ചില്‍ തുടങ്ങി. സൈന്യത്തിനൊപ്പം വനാന്തര്‍ ഭാഗങ്ങളെക്കുറിച്ച് അറിവുള്ള ഗോത്രവര്‍ഗക്കാരേയും കൂട്ടി. വിമാനം തകര്‍ന്നു വീണ സ്ഥലത്തിന്റെ ചുറ്റളവില്‍ കാടിന്റെ ഓരോ ഭാഗങ്ങളും അരിച്ചുപെറുക്കി. കുട്ടികള്‍ ജീവനോടെയിരിക്കുന്നുണ്ടെന്ന പല സൂചനകളും ലഭിച്ചു. കടിച്ചിട്ട പഴങ്ങളുടെ ബാക്കി ഭാഗങ്ങള്‍ കണ്ടതോടെ ആ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പരിശോന നടത്തി. എന്നാല്‍ എവിടെയെന്നു മാത്രം കണ്ടെത്താനായില്ല.

ഇതിനിടെ കുട്ടികള്‍ക്കായി വനത്തില്‍ റൊട്ടികള്‍ വിതറി. മുത്തശ്ശിയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് വനമേഖലയില്‍ കേള്‍പ്പിച്ച് ആത്മവിശ്വാസം പകരാന്‍ ശ്രമിച്ചു. ഒടുവില്‍ 40 ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആ സന്തോഷ വാര്‍ത്തയെത്തി. കുട്ടികളെ സൈന്യം കണ്ടെത്തി. ഒരു ജനതയുടെ മുഴുവന്‍ കാത്തിരിപ്പിന്റെയും പ്രാര്‍ത്ഥനകളുടേയും കഠിനാധ്വാനത്തിന്റെയും വിലയായിരുന്നു ആ വിജയ വാര്‍ത്ത. ആഹ്ലാദത്തോടെയാണ് കൊളംബിയന്‍ ജനത വാര്‍ത്തയെ വരവേറ്റത്. ഇതൊരു മാന്ത്രിക ദിനമാണെന്നായിരുന്നു സന്തോഷം പങ്കുവെച്ചുകൊണ്ട് കൊളംബിയന്‍ പ്രസിഡണ്ട് ഗുസ്താവോ പെട്രോ നടത്തിയ പ്രതികരണം. കുട്ടികള്‍ ജീവനോടെയിരിക്കുന്നുണ്ടെന്ന വാര്‍ത്തയറിഞ്ഞ് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന മുത്തശ്ശന്റെയും മുത്തശ്ശിയുടേയും ദൃശ്യങ്ങളും പുറത്തുവന്നു.

രക്ഷാ പ്രവര്‍ത്തനത്തിന്റെ നിര്‍ണായക നിമിഷങ്ങളുടെ വീഡിയോ കൊളംബിയന്‍ പ്രതിരോധ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ചെറിയ കുട്ടിക്ക് നിര്‍ജ്ജലീകരണത്തെതുടര്‍ന്നുള്ള ചെറിയ പ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രഥമ പരിചരണം നല്‍കിയ ശേഷം ഹെലികോപ്റ്ററില്‍ എയര്‍ ലിഫ്റ്റ് ചെയ്ത് കുട്ടികളെ തലസ്ഥാനമായ ബഗോട്ടയിലെക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി.13 വയസ്സുള്ള കുട്ടിക്ക് ആമസോണ്‍ കാടുകളെക്കുറിച്ചുള്ള അറിവാണ് അതിജീവനത്തിന് സഹായമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കാട്ടു പഴങ്ങള്‍ ഭക്ഷിച്ചാണ് 40 ദിവസവും നാലു കുരുന്നുകള്‍ അതിജീവിച്ചത്. അമ്മ ജോലിക്കു പോകുമ്പോള്‍ മറ്റ് മൂന്ന് കുട്ടികളേയും പരിചരിച്ചിരുന്നത് 13 വയസ്സുള്ള കുട്ടിയായിരുന്നു. ഇത് കാട്ടിലും സഹോദരങ്ങള്‍ക്ക് രക്ഷാകവചമൊരുക്കാന്‍ മൂത്ത കുട്ടിയെ സഹായിച്ചിട്ടുണ്ടാകണമെന്നാണ് കണക്കുകൂട്ടല്‍.

webdesk11: