X
    Categories: Newsworld

യുക്രെയ്‌നിലെ 4 പ്രദേശം റഷ്യയോട് ചേര്‍ത്തു; യുക്രെയ്ന്‍ പാശ്ചാത്യരുടെ പാവയെന്ന് പുടിന്‍

മോസ്‌കോ: യുക്രെയ്‌നില്‍ നിന്നും റഷ്യ പിടിച്ചെടുത്ത നാലു പ്രദേശങ്ങള്‍ റഷ്യയുടെ ഭാഗമായതായി പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍. ഡൊണസ്‌ക്, ലുഷാന്‍ക്, ഖേഴ്‌സണ്‍, സപോറിസിയ എന്നീ നാലു പ്രദേശങ്ങള്‍ റഷ്യയുടെ പുതിയ മേഖലകളായതായും പുടിന്‍ പറഞ്ഞു. അധിനിവേശ പ്രദേശങ്ങളില്‍ റഷ്യയുടെ നേതൃത്വത്തില്‍ നടന്ന ഹിതപരിശോധനക്കു പിന്നാലെയാണ് കൂട്ടിച്ചേര്‍ക്കല്‍ ഔദ്യോഗികമായി പുടിന്‍ പ്രഖ്യാപിച്ചത്.

ലക്ഷക്കണക്കിന് ജനങ്ങളുടെ ആഗ്രഹമാണ് റഷ്യ നിറവേറ്റിയതെന്ന് കൂട്ടിച്ചേര്‍ക്കല്‍ പ്രഖ്യാപിച്ചു കൊണ്ട് പുടിന്‍ പറഞ്ഞു. നാലു പ്രദേശങ്ങളുടേയും നേതാക്കളേയും റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം നാലു പ്രദേശങ്ങളിലും റഷ്യ നടത്തിയ ഹിത പരിശോധന അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണെന്നാണ് യുക്രെയ്‌നും പാശ്ചാത്യ രാജ്യങ്ങളും പറയുന്നത്.

യുക്രെയ്‌ന്റെ വടക്കു കിഴക്കന്‍ മേഖലകളില്‍ റഷ്യന്‍ സൈന്യത്തിന് വന്‍ തിരിച്ചടി നേരിടുമ്പോഴും യുക്രെയ്ന്‍ അധിനിവേശത്തില്‍ നിന്നും റഷ്യ പിന്‍മാറില്ലെന്ന സൂചനയാണ് പിടിച്ചെടുത്ത പ്രദേശങ്ങള്‍ റഷ്യയോട് കൂട്ടിച്ചേര്‍ത്തത് വഴി പുടിന്‍ നല്‍കുന്നത്. കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങളിലെ ജനങ്ങള്‍ ഇന്നു മുതല്‍ റഷ്യന്‍ പൗരന്‍മാരാണെന്നും കീവിന്റെ നേതൃത്വത്തില്‍ ഈ നാലു പ്രദേശങ്ങളിലും ജനങ്ങള്‍ക്കെതിരെ ക്രൂരമായ പീഡനങ്ങള്‍ നടത്തിയതെന്നും പുടിന്‍ ആരോപിച്ചു.

ഡോണസ്‌ക്, ലുഹാന്‍സ്‌ക് എന്നീ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡോണ്‍ബാസ് മേഖല 2014 മുതല്‍ റഷ്യന്‍ പിന്തുണയുള്ള വിമതരുടെ കൈകളിലാണ്. പുതുതായി കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങളെ തങ്ങളുടെ സൈനിക ശക്തി ഉപയോഗിച്ച് റഷ്യ പ്രതിരോധിക്കുമെന്നും യുക്രെയ്ന്‍ പാശ്ചാത്യരുടെ പാവ സര്‍ക്കാര്‍ ഭരിക്കുന്ന രാജ്യമാണെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

ധാര്‍മികതയില്ലാത്ത സാത്താന്റെ സമൂഹമാണ് പാശ്ചാത്യ സമൂഹമെന്നും അദ്ദേഹം ആരോപിച്ചു. അതേ സമയം നാലു പ്രദേശങ്ങള്‍ റഷ്യയോട് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ നാറ്റോയില്‍ ചേരാനുള്ള ശ്രമങ്ങള്‍ യുക്രെയ്ന്‍ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ സപോറീസിയയില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ 25 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. സിവിലിയന്‍ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

Test User: