സർക്കാർ ഭൂമി കൈയേറിയെന്നാരോപിച്ച് മുനിസിപ്പൽ കോർപറേഷൻ അധികൃതർ പള്ളിയും മദ്റസയും തകർത്തതിനെ തുടർന്ന് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലുണ്ടായ സംഘർഷത്തിൽ 4 പേർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ 250ലധികം പേർക്ക് പരിക്കേറ്റു.
സംഭവസ്ഥലത്ത് കർഫ്യൂ പ്രഖ്യാപിക്കുകയും ആക്രമണം നടത്തുന്നവരെ വെടിവെക്കാനും ഉത്തരവിട്ടു. ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തി. വെള്ളിയാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.ട്രാൻസ്ഫോമറിന് തീയിട്ടതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങി.
മസ്ജിദും മദ്രസയും പൊളിച്ചതിനെ തുടർന്ന് പ്രതിഷേധവുമായെത്തിയവർ ബൻഭുൽപുര പൊലീസ് സ്റ്റേഷൻ വളഞ്ഞ് കല്ലേറ് നടത്തി. തുടർന്നുണ്ടായ സംഘർഷത്തിൽ വാഹനങ്ങൾക്ക് തീയിട്ടതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏതാനും ദിവസങ്ങളായി കോർപറേഷന്റെ നേതൃത്വത്തിൽ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കൽ നടക്കുന്നുണ്ട്.
മസ്ജിദ് പൊളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഉത്തരാഖണ്ഡ് ഹൈക്കോടതി വ്യാഴാഴ്ച വാദം കേട്ടിരുന്നു. ഫെബ്രുവരി 14ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് പൊളിക്കൽ നടന്നത്.