മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന നാലു മാസം പ്രായമായ കുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഇന്‍ഡോറില്‍ രാജ്‌വാഡ കോട്ടക്കു സമീപത്താണ് രാജ്യത്തെ നടുക്കിയ സംഭവം.
ബലൂണ്‍ വില്‍പ്പനക്കാരായ മാതാപിതാക്കള്‍ക്കൊപ്പം തെരുവോരത്ത് ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. ബന്ധുവായ 21കാരനാണ് കൊടുംക്രൂരത നടത്തിയതെന്നാണ് വിവരം.
കുഞ്ഞിനെ മാതാപിതാക്കള്‍ക്കരികില്‍ നിന്ന് ദൂരേക്ക് കൊണ്ടുപോയ ശേഷമാണ് ഇയാള്‍ പീഡിപ്പിച്ചത്. കുഞ്ഞിന്റെ മൃതദേഹം റാണി അഹല്യഭായിയുടെ പ്രതിമക്കു സമീപത്ത് നിന്നാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. എന്നാല്‍ കുറ്റവാളി ആരാണെന്ന് കണ്ടെത്താന്‍ ആദ്യം പൊലീസിന് സാധിച്ചിരുന്നില്ല.
പിന്നീട് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കുഞ്ഞിനെ ഒരാള്‍ എടുത്തു കൊണ്ടുപോകുന്നത് വ്യക്തമായത്. കുഞ്ഞിന്റെ ശരീരം മുഴുവന്‍ മുറിവേറ്റ നിലയിലായിരുന്നു. സ്വകാര്യ ഭാഗങ്ങളിലും തലയിലും മാരകമായ മുറിവുകളേറ്റിരുന്നു. രക്തത്തില്‍ കുളിച്ച നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. പ്രതിയെ അറസ്റ്റു ചെയ്തതായി പൊലീസ് പറഞ്ഞു.