X

കേടുപറ്റാത്ത വീടിന് നാല് ലക്ഷം,എല്ലാം ഒരു നമ്പര്‍; ദുരിതാശ്വാസ നിധിയില്‍ കൂടുതല്‍ ക്രമക്കേടുകള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനര്‍ഹര്‍ പണം തട്ടിയത് കണ്ടെത്താന്‍ താലൂക്ക് അടിസ്ഥാനത്തിലും വില്ലേജ് അടിസ്ഥാനത്തിലും വിജിലന്‍സ് മിന്നല്‍ പരിശോധന തുടരുന്നു. നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതായി വിജിലന്‍സ് അറിയിച്ചു.

കൊല്ലം ജില്ലയില്‍ പടിഞ്ഞാറേ കല്ലട സ്വദേശിക്ക് പ്രകൃതിക്ഷോഭത്തില്‍ വീടിന്റെ 76% കേട് പാട് സംഭവിച്ചതില്‍ നാലുലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാല്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വീടിനു കേടുപാട് സംഭവിച്ചിട്ടില്ല എന്ന് കണ്ടെത്തി. എന്നാല്‍ അപേക്ഷകനെ നേരില്‍ കണ്ടു കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ഇയാള്‍ ഇങ്ങനെ ഒരു അപേക്ഷ നല്‍കിയിട്ടില്ലെന്നും സ്ഥലപരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ ആരും വന്നിട്ടില്ല എന്നായിരുന്നു മറുപടി.

തിരുവനന്തപുരം വര്‍ക്കല താലൂക്ക് ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഒരു ഏജന്റിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് 6 അപേക്ഷകള്‍ അയച്ചതായി കണ്ടെത്തി.

ആലപ്പുഴ ജില്ലയില്‍ പരിശോധിച്ച 14 അപേക്ഷകള്‍ പത്തെണ്ണത്തിലും ഡോക്ടര്‍ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും ഒരു ദിവസം ഒന്‍പത് ചികിത്സാ സര്‍ട്ടിഫിക്കറ്റ് വരെ ഡോക്ടര്‍ വിവിധ രോഗികള്‍ക്ക് നല്‍കിയതായി വിജിലന്‍സ് കണ്ടെത്തി.

ഇടുക്കി തൊടുപുഴയില്‍ 70 അപേക്ഷകളിലും അപേക്ഷകന്റെ ഫോണ്‍ നമ്പര്‍ ഒന്ന് തന്നെയാണ്. അക്ഷയ സെന്റര്‍ വഴിയാണ് ഇത് അപേക്ഷിച്ചിരിക്കുന്നത്.

ഇങ്ങനെ തട്ടിപ്പുകളുടെ നീളം ഇനിയും കൂടും. അനര്‍ഹരെ കണ്ടെത്താന്‍ പരിശോധന വരും ദിവസങ്ങളിലും നീളുമെന്ന് വിജിലന്‍സ് അറിയിച്ചു.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ ശ്രീ. മനോജ് എബ്രഹാം. ഐ.പി.എസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

webdesk11: