X

പാലക്കാട്ടെ 4 മരണങ്ങളില്‍ പേ വിഷബാധ വളര്‍ത്തുനായ്ക്കളില്‍ നിന്ന്

പാലക്കാട്: തെരുവുനായകളുടെ ആക്രമണം ദിനംപ്രതി വര്‍ധിച്ചു വരുന്നതും പേ വിഷബാധ മരണം കൂടുന്നതും ഏറെ ചര്‍ച്ചയാവുമ്പോഴും ആശങ്കക്കിടയാക്കുന്നത് പേ വിഷബാധ മരണങ്ങളിലധികവും നാടന്‍ പട്ടികളെ വളര്‍ത്തുന്നവരിലാണെന്ന റിപ്പോര്‍ട്ട്. ഇക്കൊല്ലം പാലക്കാട് ജില്ലയില്‍ മരണപ്പെട്ട നാല് കേസുകളിലും വീട്ടില്‍ നാടന്‍പട്ടികളെ വളര്‍ത്തുന്നുണ്ടായിരുന്നെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഇതില്‍ ഒരാളുടേത് മാത്രമാണ് പേ വിഷബാധ എങ്ങനെ സംഭവിച്ചുവെന്ന കണ്ടെത്താനാവാത്തത്.

നായയുടെ കടിയേറ്റ് ചികിത്സ തേടുന്ന കേസുകള്‍ ഏറ്റവും കൂടുതലുള്ള ജില്ലകളിലൊന്നാണ് പാലക്കാട്. സംസ്ഥാനത്ത് ഇതുവരെയുണ്ടായ 19 പേ വിഷബാധ മരണങ്ങളില്‍ നാലും പാലക്കാടാണ്. മരണം കൂടിവരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് കുത്തിവെപ്പ് നല്‍കാതെ വീട്ടില്‍ വളര്‍ത്തുന്ന നാടന്‍ പട്ടികളില്‍ നിന്നാണ് പേ വിഷബാധ ഉണ്ടായതെന്ന് കണ്ടെത്തിയത്. സംസ്ഥാനത്ത് ഈ വര്‍ഷം 1.5 ലക്ഷത്തോളം പേര്‍ക്കാണ് നായയുടെ കടിയേറ്റത്. 19 പേര്‍ പേ വിഷബാധ മൂലം മരണപ്പെടുകയും ചെയ്തിരുന്നു.

കുത്തിവെപ്പ്
50 ശതമാനത്തില്‍
താഴെ

വീട്ടില്‍ ഓമനിച്ചു വളര്‍ത്തുന്ന പട്ടികളില്‍ പേ വിഷബാധക്കെതിരെ കൃത്യമായി കുത്തിവെപ്പ് നല്‍കുന്നവര്‍ 50 ശതമാനത്തില്‍ താഴെയാണെന്ന് മൃഗ സംരക്ഷണ വകുപ്പ്. ഉയര്‍ന്ന ഇനം പട്ടികളെ വളര്‍ത്തുന്നവര്‍ മാത്രമാണ് കൃത്യമായി കുത്തിവെപ്പ് നല്‍കുന്നത്. വീട്ടില്‍ എടുത്തു വളര്‍ത്തുന്ന നാടന്‍ പട്ടികളില്‍ ഭൂരിഭാഗവും കുത്തിവെപ്പ് നല്‍കാത്തതാണ്. ഇത്തരം നായകളെ വളര്‍ത്തുന്നവര്‍ ഇവയില്‍ നിന്ന് കടിയേറ്റാല്‍ ചികിത്സതേടാനും വാക്‌സിനെടുക്കാനും വിസമ്മതിക്കുന്നതും മരണകാരണമാകുന്നുണ്ട്. വളര്‍ത്തുന്ന നായക്ക് പേ വിഷബാധ ഉണ്ടാകാനിടയില്ലെന്ന തെറ്റിദ്ധാരണ മൂലമാണിത്. കൃത്യമായ ബോധവത്കരണത്തിന്റെ അഭാവമാണ് പേ വിഷബാധയേറ്റുള്ള മരണം വര്‍ധിക്കുന്നതിന് ഇടയാക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചു മുതല്‍ ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളിയും മൂന്ന് സ്ത്രീകളുമടക്കം നാലു പേര്‍ മരണപ്പെട്ടത്. ഇതില്‍ കഴിഞ്ഞ ജൂണ്‍ 30ന് മങ്കരയില്‍ മരണപ്പെട്ട 19കാരി നായയുടെ കടിയേറ്റതിന് ശേഷം കുത്തിവെപ്പെടുത്തെങ്കിലും മരണപ്പെടുകയായിരുന്നു. ഈ കുട്ടിക്ക് അയല്‍പക്കത്തെ വീട്ടിലെ പട്ടിയില്‍ നിന്നാണ് കടിയേറ്റിരുന്നത്. ഈ മാസം എട്ടിന് മരണപ്പെട്ട തരൂര്‍ സ്വദേശിനി 64കാരിക്ക് സ്വന്തം വീട്ടിലെ പട്ടിയില്‍ നിന്നാണ് കടിയേറ്റത്. പട്ടി കൂടുതല്‍ പേരെ ആക്രമിക്കാന്‍ മുതിര്‍ന്നതോടെ വീട്ടുകാര്‍ ഇതിനെ കൊല്ലുകയും ചെയ്തിരുന്നു. എന്നാല്‍ കടിയേറ്റ സ്ത്രീ ചികിത്സ തേടുകയോ കുത്തിവെപ്പെടുക്കുകയോ ചെയ്തില്ല. ഇതാണ് ഇവരുടെ മരണത്തിലേക്ക് നയിച്ചത്. കഞ്ചിക്കോട് താമസിച്ചു വരികയായിരുന്ന ബീഹാര്‍ സ്വദേശിക്ക് തെരുവില്‍ നിന്ന് എടുത്തു വളര്‍ത്തിയ നായയില്‍ നിന്നാണ് കടിയേറ്റത്. കഴിഞ്ഞ മാര്‍ച്ച് 23നാണ് ഇയാള്‍ മരണപ്പെട്ടത്. മെയ് മാസം അഞ്ചിന് തെങ്കരയില്‍ മരണപ്പെട്ട 52 കാരിക്ക് പേ വിഷബാധയേറ്റതെങ്ങനെയെന്ന് കണ്ടെത്താനുമായിട്ടില്ല. ശരീത്തിന് തളര്‍ച്ച അനുഭവപ്പെടുകയും പിന്നീട് പേ വിഷബാധയുടെ പൂര്‍ണ ലക്ഷണങ്ങള്‍ കാണിക്കുകയുമായിരുന്നു.

പിന്നീട് നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. നാടന്‍നായ ആയാലും വിദേശ ഇനം നായ ആയാലും പ്രതിരോധ കുത്തിവെയ്‌പ്പെടുക്കണം. നായകള്‍ ജനിച്ച് രണ്ട് മാസം കഴിഞ്ഞും തൊട്ടടുത്ത മാസവും കൂടാതെ എല്ലാ വര്‍ഷവും ബൂസ്റ്റര്‍ ഡോസ് വാക്‌സിനും നല്‍കണം. മൃഗങ്ങളെ പരിപാലിക്കുന്ന വ്യക്തികളും പ്രതിരോധ കുത്തിവെപ്പ് എടുക്കുക.പേവിഷബാധ മാരകമാണ്. കടിയേറ്റാല്‍ ഉടനെയും തുടര്‍ന്ന് 3,7,28 എന്നീ ദിവസങ്ങളിലും പ്രതിരോധ കുത്തിവെപ്പ് എടുക്കണം. പേ വിഷബാധക്കെതിരെ മുന്‍കാലഘട്ടങ്ങളില്‍ നല്‍കിയിരുന്ന വളരെ വേദനയുണ്ടാകുന്ന 14 കുത്തിവെപ്പുകള്‍ക്കു പകരം ലളിതവും വേദനാരഹിതവും സൗജന്യവുമായ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്.

Test User: