അശ്‌റഫ് തൂണേരി
ദോഹ: മധ്യപൂര്‍വ്വേഷ്യക്കാകെ ഉണര്‍വ്വേകിയെത്തുന്ന ഖത്തര്‍ ഫിഫ ലോകകപ്പ് മേഖലയില്‍ ടൂറിസം മുഖേന 400 കോടി ഡോളര്‍ അധികവരുമാന സാധ്യതയാണ് തുറന്നിട്ടതെന്ന് വിലയിരുത്തല്‍. റെഡ് സീര്‍ സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് ആണ് തങ്ങളുടെ പഠനം പുറത്തുവിട്ടതെന്ന് പ്രാദേശിക ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് സഹകരണ സമിതി (ജി.സി.സി) രാജ്യങ്ങളിലെ ഹോട്ടല്‍ താമസക്കാരുടെ വര്‍ധനവിന് ഇത് കാരണമാവുമെന്നും കളിക്കിടെ ഹോട്ടല്‍ മുറികളില്‍ 100 ശതമാനവും ബുക്ക് ചെയ്യപ്പെടുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.
കൂടാതെ ഒന്നിലധികം പ്രാദേശിക റിപ്പോര്‍ട്ടുകളനുസരിച്ച് യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ജോര്‍ദാന്‍ എന്നിവയുള്‍പ്പെടെ മേഖലയിലുടനീളമുള്ള ഹോട്ടലുകള്‍ ബുക്കിംഗില്‍ വന്‍ കുതിച്ചുചാട്ടം രേഖപ്പെടുത്തും. ഇത് കോവിഡ് മഹാമാരിക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് വിനോദസഞ്ചാര മേഖലയെത്തുന്നതാണ് സൂചനയെന്നും വിലയിരുത്തലുണ്ട്. ദുബൈയിലെ ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യുന്ന സന്ദര്‍ശകരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്ന് മാത്രമല്ല ലോകകപ്പ് സമയത്തുള്ള മുന്‍കൂര്‍ ബുക്കിംഗ് വളരെക്കൂടുതലാണെന്നും ടൂറിസം കണ്‍സള്‍ട്ടന്‍സി ഏജന്‍സി അലോഫ്റ്റ് ദുബൈയുടെ സെയില്‍സ് ഡയരക്ടര്‍ വരുണ്‍അഹൂജ പറഞ്ഞു. ഹോട്ടല്‍ മുറികളുടെ വിലകുതിച്ചുയരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറില്‍ ഹോട്ടലുകള്‍ക്കും ടൂറുകള്‍ക്കുമായി ലോകമെമ്പാടുമുള്ള ധാരാളം ആരാധകരെ ഇതിനകം മുന്‍കൂര്‍ ബുക്കിംഗ് ലഭിച്ചിട്ടുണ്ടെന്ന് ഔട്ടിംഗ്ഖത്തറിന്റെ സി.ഇ.ഒ മൊസാദ് മുസ്തഫ എലീവ പറഞ്ഞു. വിനോദസഞ്ചാര മേഖലയില്‍ വന്‍ മുന്നേറ്റമാണ് ഇതിനകമുണ്ടായത്. ആഢംബര സൗകര്യങ്ങളും ധാരാളമായി ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മുസ്തഫ വിശദീകരിച്ചു.
ലോകകപ്പ് ദിനങ്ങളില്‍ ഫ്‌ളൈദുബായ് ദുബൈയില്‍ നിന്ന് പ്രതിദിനം 60 വിമാനങ്ങള്‍ വരെ സര്‍വീസ് നടത്തും. ഇതിലൂടെ 2,500 ആരാധകരെ ദോഹയിലെത്തിക്കാനാവും. ഒമാന്‍ എയര്‍ 3,400 ആരാധകരുമായി മസ്‌കറ്റില്‍ നിന്ന് പ്രതിദിനം 48 വിമാനങ്ങള്‍ വരെ പറപ്പിക്കും. കുവൈറ്റ് എയര്‍വേയ്‌സിന്റെ 20 വിമാനങ്ങളാണ് പ്രതിദിനം സര്‍വ്വീസ് നടത്തുക. ഇത് വഴി 1,700 ആരാധകരെ വരെ എത്തിക്കാനാവും. സഊദി അറേബ്യയിലെ റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നും 10,000 ആരാധകരെ വഹിച്ചുകൊണ്ട് സൗദി പ്രതിദിനം 60 ഓളം വിമാനങ്ങള്‍ ഖത്തറിലേക്ക് പറക്കും. ദുബൈ നിന്ന് ദോഹയിലേക്ക് ഏകദേശം ഒരു മണിക്കൂറും ജിദ്ദയില്‍ നിന്ന് ദോഹയിലേക്കുള്ള വിമാനത്തിന് ഏകദേശം രണ്ട് മണിക്കൂര്‍ മുപ്പത് മിനിറ്റുമാണ് സമയദൈര്‍ഘ്യം. മസ്‌കറ്റില്‍ നിന്ന് ദോഹയിലേക്ക് ഏകദേശം ഒന്നര മണിക്കൂറെടുക്കും.
അമ്മാനില്‍ നിന്ന് ദോഹയിലേക്കാകട്ടെ ഏകദേശം രണ്ട് മണിക്കൂറും നാല്‍പ്പത് മിനിറ്റുമാവും. ലോകകപ്പിനെത്തുന്നവര്‍ക്ക് ഈ നഗരങ്ങളും അനുബന്ധപ്രദേശങ്ങളും സന്ദര്‍ശിക്കാന്‍ കൂടി സൗകര്യപ്രദമാവും. ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ 60 ദിവസത്തേക്ക് ഒമാന്‍ സന്ദര്‍ശിക്കാം. 60 ദിവസം വരെ സൗദിഅറേബ്യയില്‍ തങ്ങാന്‍ അനുവദിക്കുന്ന മള്‍ട്ടി എന്‍ട്രി വിസ ഹയ്യ ഉടമകള്‍ക്ക് പ്രയോജനപ്പെടുത്താം. ജോര്‍ദാനും ഇതേ അവസരം സന്ദര്‍ശകര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. 100 ദിര്‍ഹത്തിന് ഇഷ്യൂ ചെയ്യുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് സന്ദര്‍ശകര്‍ക്കായി യു.എ.ഇ ഒരുക്കിയത്. എത്തുന്ന തീയതി മുതല്‍ 90 ദിവസത്തേക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ പ്രയോജനപ്പെടുത്താനാവും. മസ്‌ക്കറ്റില്‍ ഫുട്‌ബോള്‍ ആരാധകരെ സ്വീകരിക്കുന്നതിന് വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. ദുബൈയില്‍ വലിയ സ്‌ക്രീനുകള്‍ ഒരുക്കുന്നു. കൂടാതെ പ്രത്യേക ഫാന്‍ സോണുകള്‍ സജ്ജീകരിക്കുന്നുമുണ്ട്.
ഫിഫ ലോക കപ്പിനോടനുബന്ധിച്ച് ഒമാനിലെ പൈതൃക, ടൂറിസം മന്ത്രാലയം പ്രത്യേക പരിപാടികള്‍ തന്നെ ആസൂത്രണം ചെയ്തിട്ടുണ്ട്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരേയാണ് അറബ് ലോകത്ത് നടക്കുന്ന ആദ്യ ഫിഫ ലോകകപ്പിന് ഖത്തര്‍ ആതിഥ്യം വഹിക്കുന്നത്. 1.2 ദശലക്ഷത്തോളം വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.