സി.പി.എം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ വന്‍ ക്രമക്കേട്. സഹകരണ സംഘം സെക്രട്ടറി കെ. രതീശന്‍ അംഗങ്ങളറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണ്ണപ്പണയ വായ്പ എടുത്തെന്നാണ് പരാതി. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആദൂര്‍ പോലീസ് കേസെടുത്തു.
ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗം കെ. രതീശനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രാഥമിക പരിശോധനയില്‍ 4 കോടി 75 ലക്ഷത്തി 99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വര്‍ണ്ണം ഇല്ലാതെ 7 ലക്ഷം രൂപ വരെ അനുവദിച്ചതായി പരിശോധനയില്‍ വ്യക്തമായി. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. രതീശന്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു.