X
    Categories: keralaNews

പഴയിടത്തെ ഒഴിവാക്കാന്‍ മുമ്പേ ഗൂഢാലോചന ഇടതുസഹയാത്രികനെ പകരം നിയോഗിക്കും

കെ.പി ജലീല്‍

സ്‌കൂള്‍, ഇതര കലോല്‍സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും സര്‍ക്കാര്‍ നിയോഗിച്ചിരുന്ന പാചകവിദഗ്ധന്‍ പഴയിടം മോഹനന്‍നമ്പൂതിരിയെ ഇടതുസര്‍ക്കാര്‍ പൂര്‍ണമായും ഒഴിവാക്കും. ഇതുസംബന്ധിച്ച് നേരത്തെ തന്നെ ആലോചനയുണ്ടായിരുന്നെങ്കിലും ഈ വര്‍ഷത്തെ കലോല്‍സവത്തോടെ അത് നടപ്പാക്കുകയായിരുന്നു. പഴയിടം വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് പാചകം ചെയ്യുന്നതെന്ന് കാരണം പറഞ്ഞാണ് ഇദ്ദേഹത്തെ ഒഴിവാക്കാന്‍ നേരത്തെ തീരുമാനിച്ചത്. ഇതിനായി പല വിധത്തില്‍ അദ്ദേഹത്തില്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്ന് സൂചനയുണ്ട്. ഇത് ഈ കലോല്‍സവത്തില്‍ പ്രകടമാകുകയാണുണ്ടായത്. മന:പൂര്‍വം ഇതൊരു വിവാദമാക്കിയെടുത്ത് അദ്ദേഹത്തെക്കൊണ്ടുതന്നെ പിന്മാറ്റം പ്രഖ്യാപിപ്പിക്കുകയായിരുന്നു തന്ത്രം. അത് മനസ്സിലാക്കി അദ്ദേഹം സ്വയം ഒവിവാകുകയായിരുന്നു. 16 വര്‍ഷമായി സ്‌കൂള്‍ കലോല്‍സവത്തിന് പാചകം ഒരുക്കിയിരുന്ന പഴയിടം നമ്പൂതിരിയുടെ ഭക്ഷണം എല്ലാവിഭാഗക്കാര്‍ക്കും ഇഷ്ടമായിരുന്നു. ഇത് കാരണം ഇദ്ദേഹത്തെ കലോല്‍സവത്തില്‍നിന്ന് ഒഴിവാക്കല്‍ എളുപ്പമായിരുന്നില്ല. അതാണ് രണ്ടുവര്‍ഷം മുമ്പേ നിശ്ചയിച്ചിട്ടും പദ്ധതി നടപ്പാകാതെ പോയത്. എന്നാല്‍ ഇടതുപക്ഷക്കാരനായ അശോകന്‍ ചെരുവിലിനെക്കൊണ്ട് ഇത്തവണ മാസംഭക്ഷണം ആവശ്യപ്പെടുവിച്ച് പദ്ധതി നടപ്പാക്കുകയായിരുന്നു. കലോല്‍സവം കോഴിക്കോടായതിനാല്‍ പ്രത്യേക മതവിഭാഗത്തിന്റെ തലയിടാമെന്നും പദ്ധതിയിട്ടു.

ഇടതുപക്ഷത്തുനിന്ന് അവരുടെ തന്നെ ആളുകള്‍ കലോല്‍സവങ്ങളില്‍ പാചകം ഏറ്റെടുക്കാനായി സമ്മര്‍ദം ചെലുത്തിയിരുന്നു. ഇത് നടപ്പാക്കിയാല്‍ പ്രതിഷേധം വ്യാപകമാകും. വെജിറ്റേറിയന്‍ ഭക്ഷണം തയ്യാറാക്കാന്‍ തന്നെ ഇടതുപക്ഷത്തിന്റെ സഹയാത്രികര്‍ തയ്യാറായിരുന്നു. അതിനായി ടെന്‍ഡര്‍ വിളിപ്പിക്കാനും സമ്മര്‍ദമുണ്ടായി. മുമ്പ് എം.എല്‍.എ ക്വാര്‍ട്ടേഴ്‌സില്‍ കാന്റീന്‍ എടുത്ത് നടത്തിയിരുന്ന കരാറുകാരനാണ് ഇതിനായി സി.പി.എമ്മിലും നേതാക്കളിലും സമ്മര്‍ദം ചെലുത്തിയത്. അദ്ദേഹത്തിന് ഇത്തവണ സ്‌കൂള്‍ കലോല്‍സവത്തില്‍ വെജ് ഭക്ഷണം കരാര്‍ നല്‍കാമെന്ന ്പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയംഗം ഉറപ്പുകൊടുക്കുകയും ചെയ്തിരുന്നു .അദ്ദേഹത്തിന് പക്ഷേ പാര്‍ട്ടിയെക്കൊണ്ട് സമ്മതിപ്പിക്കാനായില്ല. മന്ത്രി ശിവന്‍കുട്ടിയുടെ അടുത്തയാളാണ് ഈ കരാറുകാരന്‍. ഇപ്പോള്‍ തിരുവനന്തപുരത്ത് വലിയ ഹോട്ടലെടുത്ത് നടത്തിവരികയാണിയാള്‍. ഇനി മുതല്‍ നോണ്‍വെജ് ഭക്ഷണം കലോല്‍സവങ്ങളില്‍ ഉള്‍പെടുത്തുകയും കരാര്‍ ടിയാന് നല്‍കാനുമാണ ്പ്ലാന്‍. വന്‍തുകയാണ് ഇതിനായി ഓഫര്‍ചെയ്തിരിക്കുന്നത്. പഴയിടത്തിന്റെ ജാതിയും മറ്റും പറഞ്ഞ് വിവാദമുണ്ടാക്കിയത് ഇതിനാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പഴയിടത്തിന് ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരെ പലതും പറയാനുണ്ടെങ്കിലും അദ്ദേഹം മൗനം പാലിക്കുന്നത് ഇനിയും വിവാദം വലിച്ചുനീട്ടരുതെന്ന് കരുതിയാണ്.സ്‌കൂള്‍ കലോല്‍സവത്തിലെ സംഗീതദൃശ്യപരിപാടിയും സമാനമായി നല്‍കിയെങ്കിലും അതും വിവാദത്തിലാകുകയായിരുന്നു.

കോവിഡ് സമയത്ത് മെഡിക്കല്‍ അനുബന്ധഉപകരണങ്ങള്‍ വാങ്ങിയതില്‍ വന്‍വിലക്കൂടുതലുണ്ടായതും അഴിമതി നടന്നതും പാര്‍ട്ടിയും മുഖ്യമന്ത്രിയും അറിഞ്ഞെന്ന ്‌വ്യക്തമായതോടെ ഇതിന് പിന്നിലും ഉന്നതരുടെ കൈകളാണ് സംശയിക്കപ്പെടുന്നത്. സൈബര്‍ സഖാക്കളുടെ ഭാഗത്തുനിന്ന് പഴയിടം മാറി, പുതിയിടം വരട്ടെ എന്ന രീതിയിലുള്ള കാപ്‌സ്യൂളുകള്‍ ഇറങ്ങുന്നതും പാര്‍ട്ടിയുടെ നിര്‍ദേശത്താലാണ്.

Chandrika Web: