2023-24ൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 3,967 കോടി; 87% അധിക വർധനവ്

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2023-24ല്‍ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 3,967 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 87ശതമാനം വര്‍ധനവാണ് സംഭാവനയിലുണ്ടായത്.

അതേസമയം പാര്‍ട്ടിയുടെ മൊത്തം സംഭാവനകളില്‍ ഇലക്ടറല്‍ ബോണ്ടുകളുടെ വിഹിതം പകുതിയില്‍ താഴെയായി കുറയുകയും ചെയ്തു. 2023-24 ലെ ബിജെപിയുടെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

2022-23ല്‍ 2,120.06 കോടി രൂപയില്‍ നിന്ന് 2023-24ല്‍ 3,967.14 കോടി രൂപയായി ബിജെപിക്ക് ലഭിച്ച സംഭാവനകള്‍ വര്‍ദ്ധിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്.

റിപ്പോര്‍ട്ട് പ്രകാരം 1,685.62 കോടി രൂപ ഇലക്ടറല്‍ ബോണ്ടുകളുടെ രൂപത്തില്‍ ബിജെപിക്ക് ലഭിച്ചു. അതായത് മൊത്തം സംഭാവനയുടെ 43%. 2022-23ല്‍ പാര്‍ട്ടിക്ക് ഇലക്ടറല്‍ ബോണ്ടുകളുടെ രൂപത്തില്‍ 1,294.14 കോടി രൂപ ലഭിച്ചിരുന്നു. അതായത് മൊത്തം സംഭാവനയുടെ 61%.

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ട്രല്‍ ബോണ്ട് പദ്ധതി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് വര്‍ഷമായിരിക്കെ, പൊതുപ്രചാരണത്തിനായുള്ള ബിജെപിയുടെ ചെലവ് മുന്‍വര്‍ഷത്തെ 1,092.15 കോടി രൂപയില്‍ നിന്ന് 1,754.06 കോടി രൂപയായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതില്‍ 591.39 കോടിയും പരസ്യങ്ങള്‍ക്കാണ് ചെലവഴിച്ചത്.

webdesk13:
whatsapp
line