X
    Categories: indiaNews

ലോകത്ത് ഏറ്റവും മലിനമായ 50 നഗരങ്ങളില്‍ 39 ഉം ഇന്ത്യയില്‍

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട രാജ്യങ്ങളില്‍ ഇന്ത്യ എട്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ എട്ടിലെത്തിയത് ആശ്വാസമാണെങ്കിലും ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം അനുവദനീയമായതിനേക്കാളും 10 ഇരട്ടി മലിനീകരണമാണ് ഇന്ത്യയിലേത്.

അതേസമയം ലോകത്തെ 7,300 നഗരങ്ങളില്‍ ആദ്യ 50ല്‍ 39 നഗരങ്ങളും ഇന്ത്യയിലാണ്. സ്വിസ് കമ്പനിയായ ഐ.ക്യു എയര്‍ പുറത്തിറക്കിയ ലോകത്തെ വായു ഗുണ നിലവാര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 30,000 സര്‍ക്കാര്‍, സന്നദ്ധ സംഘടനകളുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 131 രാജ്യങ്ങളിലെ ഡേറ്റ പരിശോധിച്ചാണ് റാങ്ക് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. 53.3 ശതമാനമാണ് ഇന്ത്യയുടെ മലിനീകരണ തോത്. 89.7 ശതമാനമുള്ള ചാഡ് ആണ് ഒന്നാം സ്ഥാനത്ത്. ഇറാഖ് (80.1), പാകിസ്താന്‍ (70.9), ബഹറൈന്‍ (66.6), ബംഗ്ലാദേശ് (65.8), ബുര്‍കിനോഫാസോ (63), കുവൈത്ത് (55.8), ഈജിപ്ത് (46.5), താജികിസ്താന്‍ (46) എന്നിങ്ങനെയാണ് ആദ്യ പത്തില്‍ വരുന്ന രാജ്യങ്ങളിലെ മലിനീകരണ തോത്. ഇന്ത്യയിലെ വായു മലനീകരണം 150 ബില്യന്‍ ഡോളറിന്റെ ചെലവുണ്ടാക്കുന്നതായാണ് കണക്ക്. മലിനീകരണ തോതായ 2.5 പി.എം പൊലുഷനില്‍ 20-35 ശതമാനം ഗതാഗത മേഖലയില്‍ നിന്നാണ്. വ്യവസായം, കല്‍ക്കരി ഊര്‍ജ്ജ പ്ലാറ്റുകള്‍, ബയോമാലിന്യം എന്നിവയാണ് മറ്റ് പ്രധാന സ്രോതസ്സുകള്‍.

ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട ആദ്യ രണ്ട് നഗരങ്ങള്‍ പാകിസ്താനിലെ ലാഹോറും ചൈനയിലെ ഹോട്ടാനുമാണ്. രാജസ്ഥാനിലെ ഭിവാണ്ടിയും ഡല്‍ഹിയുമാണ് മൂന്നും നാലും സ്ഥാനത്ത്. സുരക്ഷിത തോതിനേക്കാളും 20 മടങ്ങ് കൂടുതലാണ് ഡല്‍ഹിയിലെ വായു മലിനീകരണം. ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളില്‍ ആദ്യ 20ല്‍ ഭിവാണ്ടി, ഡല്‍ഹി, ദാര്‍ബംഗ, അസോപൂര്‍, പറ്റ്‌ന (ബിഹാര്‍), ഗാസിയാബാദ് (യു.പി), ദാരുഹേര (ഹരിയാന), ചപ്ര(ബിഹാര്‍), മസഫര്‍നഗര്‍ (യു.പി), ഗ്രേറ്റര്‍ നോയ്ഡ (യു.പി), ബഹാദുര്‍ഗഡ്, ഫരീദാബാദ് (യു.പി), മുസഫര്‍പൂര്‍ (ബിഹാര്‍) എന്നീ നഗരങ്ങള്‍ ഉള്‍പ്പെടും.

ആദ്യ പത്തില്‍ ആറും ആദ്യ 20ല്‍ 14 ഉം ആദ്യ 100ല്‍ 65 ഇന്ത്യന്‍ നഗരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യ 61 ഇന്ത്യന്‍ നഗരങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്. മെട്രോ നഗരങ്ങളില്‍ ലോക റാങ്കിങില്‍ ഡല്‍ഹി നാലാം സ്ഥാനത്തും കൊല്‍ക്കത്ത 99, മുംബൈ 137, ഹൈദരാബാദ് 199, ബെംഗളൂരു 440, ചെന്നൈ 682 എന്നീ സ്ഥാനങ്ങളിലുമാണ്.

webdesk11: