X

മണിപ്പൂരില്‍ ഇതുവരെ നശിപ്പിക്കപ്പെട്ടത് 360 പള്ളികള്‍

കലാപം ശക്തമാവുന്ന മണിപ്പൂരില്‍ നിന്ന് വീണ്ടും അശാന്തിയുടെ വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം ജിരിബാം ജില്ലയിലുണ്ടായ ആക്രമണത്തില്‍ 5 പള്ളികളും ഒരു സ്‌കൂളും പെട്രോള്‍ പമ്പും 14 വീടുകളും അഗ്നിക്കിരയാക്കിയതായി കുക്കി സംഘടനയായ ഇന്‍ഡിജിനനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം (ഐ.ടി.എല്‍.എഫ്) ആരോപിച്ചു. പള്ളികള്‍ക്കെതിരായ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ഐ.ടി.എല്‍.എഫ്, സംസ്ഥാനത്ത് കലാപം ആരംഭിച്ചതിന് ശേഷം 360ലധികം പള്ളികള്‍ നശിപ്പിക്കപ്പെട്ടതായും അവകാശപ്പെട്ടു.

സംസ്ഥാനത്തെ പള്ളികള്‍ക്കും സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളെ അപലപിച്ച ഐ.ടി.എല്‍.എഫ് ജിരിബാമിലെ ക്രമസമാധാനം സംരക്ഷിക്കുന്നതില്‍ സുരക്ഷാ സേനകള്‍ പരാജയപ്പെട്ടെന്നും ആരോപിച്ചു. അതേസമയം കലാപത്തെ നേരിടാന്‍ 50 കമ്പനി കേന്ദ്രസേനയെക്കൂടി ആഭ്യന്തര മന്ത്രാലയം മണിപ്പൂരില്‍ നിയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മണിപ്പൂരിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്നും യോഗം ചേരും. നിലവില്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇംഫാലില്‍ കര്‍ഫ്യൂവും ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. സ്ഥിതിഗതികള്‍ വിശകലനം ചെയ്യാന്‍ ആഭ്യന്തര സെക്രട്ടറി ഇംഫാല്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും കലാപം തുടങ്ങി രണ്ട് വര്‍ഷം പിന്നിട്ടിട്ടും പ്രധാനമന്ത്രി മണിപ്പൂര്‍ ഒരു തവണ പോലും സന്ദര്‍ശിക്കാത്തതില്‍ ഭരണകക്ഷികളില്‍ നിന്ന് പോലും വിമര്‍ശനം ശക്തമാണ്.

കഴിഞ്ഞ ദിവസം മണിപ്പൂര്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ ഭരണകക്ഷിയായ എന്‍.ഡി.എ ഗവണ്‍മെന്റ് പരാജയപ്പെട്ടെന്ന് കാണിച്ച് സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നദ്ദയ്ക്ക് അയച്ച കത്തിലാണ് എന്‍.പി.പി ദേശീയ അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ്. കെ. സാംഗ്മ ഇക്കാര്യം വ്യക്തമാക്കിയത്. മണിപ്പൂരിലെ നിലവിലെ ക്രമസമാധാന നിലയില്‍ പാര്‍ട്ടി ആശങ്കാകുലരാണെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി നിരപരാധികളുടെ ജീവനാണ് സംഘര്‍ഷത്തില്‍ നഷ്ടമായതെന്നും എന്‍.പി.പി അമിത് ഷായ്ക്ക് അയച്ച കത്തില്‍ പറയുന്നു.

എന്‍.പി.പി പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ജിരിബാമിലെ ബി.ജെ.പിയുടെ എട്ട് പ്രധാന ജില്ലാ നേതാക്കള്‍ രാജിവെച്ചതും സര്‍ക്കാറിന് കനത്ത തിരിച്ചടിയായി. ബിരേന്‍ സിങ് സര്‍ക്കാരിനെതിരെ രാജിക്കത്തില്‍ നേതാക്കള്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്.  ഒന്നരവര്‍ഷം മുമ്പ് ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ 230ലധികം പേരാണ് മണിപ്പൂരില്‍ കൊല്ലപ്പെട്ടത്. 11,133 വീടുകള്‍ ഭാഗികമായും 4,569 വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു. കലാപവുമായി ബന്ധപ്പെട്ട് 11,892 കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 302 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.

ശനിയാഴ്ച്ച ജിരിബാമില്‍നിന്ന് തട്ടിക്കൊണ്ടുപോയ ആറ് മെയ്തി വിഭാഗക്കാരുടെ മൃതദേഹം കണ്ടെത്തിയതോടെ സംഘര്‍ഷം വര്‍ധിക്കുകയായിരുന്നു. ജിരിബാമില്‍ തിങ്കളാഴ്ചയുണ്ടായ വെടിവെപ്പിലും ആയുധധാരികളായ 10 പേര്‍ കൊല്ലപ്പെടുകയും രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

webdesk13: