X

ശബരിമലക്ക് സമീപം കാട്ടില്‍ 360 കിലോ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

ശബരിമല: ശബരീപീഠത്തിന് സമീപത്ത് കാട്ടില്‍ നിന്നും 360 കിലോ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. സുരക്ഷയുടെ ഭാഗമായി പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും കാട്ടില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന വന്‍ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയത്.

മരച്ചുവട്ടില്‍ കാനുകളിലായി ടാര്‍പ്പായകൊണ്ട് മൂടി സൂക്ഷിച്ച നിലയിലയിരുന്നു അവ. 30 കിലോ വീതം 12 ബാരലുകള്‍ നിറയെ സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്.
സന്നിധാനത്തും പരിസരങ്ങളിലും അടുത്ത മൂന്നു ദിവസങ്ങളില്‍ ഏര്‍പ്പെടുത്തുന്ന കര്‍ശന സുരക്ഷയുടെ ഭാഗമായി പരിശോധന നടത്തുന്ന സംഘമാണ് ശേഖരം കണ്ടെത്തിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ടിന്നില്‍ നിന്നും അല്‍പ്പമെടുത്ത് കത്തിച്ച് നോക്കിയതോടെ അവ ആളിക്കത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് ട്രാക്ടര്‍ ഉപയോഗിച്ച ഇവ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

ശബരീപീഠത്തില്‍ നേരത്തെ വെടിവഴിപാടുകള്‍ നടത്തിയിരുന്നു. പിന്നീട് വിഷു ഉത്സവത്തെ തുടര്‍ന്നു വനം വകുപ്പ് തടഞ്ഞു. അന്നു സൂക്ഷിച്ചിരുന്ന വെടിമരുന്നാകാം ഇതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

എക്സ്പ്ലോസീവ് കണ്‍ട്രോളറെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. കണ്‍ട്രോളര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും.

chandrika: