X

ഗസയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 344 പേര്‍; സ്ഥിതി അതീവ ഗുരുതരമാണെന്ന് യു.എന്‍

ഗസ്സ: ഫലസ്തീനിലെ ഗസ്സയില്‍ നിരായുധരായ സിവിലിയന്‍മാര്‍ക്കു മേല്‍ തീമഴ വര്‍ഷിച്ച് ഇസ്രാഈല്‍ ക്രൂരത. ഗസ്സക്കു നേരെയുള്ള വ്യോമാക്രണമം ഇസ്രാഈല്‍ കൂടുതല്‍ കടുപ്പിച്ചതോടെ 24 മണിക്കൂറിനിടെ 344 പേരാണ് കൊല്ലപ്പെട്ടത്. 126 കുട്ടികളും, 88 വനിതകളും ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. 1,018 പേര്‍ക്ക് പരുക്കേറ്റതായും സ്ഥിരീകരിച്ചു. ഇസ്രാഈല്‍ ആക്രമണത്തില്‍ ഇതുവരെ ഗസയില്‍ 724 കുട്ടികളടക്കം 2215 പേരും വെസ്റ്റ്ബാങ്കില്‍ 54 പേരും കൊല്ലപ്പെട്ടു. 8714 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രാഈലില്‍ 1350 പേര്‍ കൊല്ലപ്പെടുകയും 3400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

24 മണിക്കൂറിനിടെ നാലു വിദേശികളുള്‍പ്പെടെ ഒമ്പത് ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഗസ്സയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് യു.എന്‍ അറിയിച്ചു. അഭയാര്‍ത്ഥികളെ പാര്‍പ്പിച്ച പ്രദേശങ്ങളിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇസ്രാഈല്‍ തടഞ്ഞതിനാല്‍ അതീവ ഗുരുതര പ്രതിസന്ധി നേരിടുന്നതായി യു.എന്‍ ഏജന്‍സി അറിയിച്ചു. അതിനിടെ ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ അബു മുറാദിനെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് ഇസ്രാഈല്‍ രംഗത്തെത്തി. ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്ന ഗസ്സയിലെ ആസ്ഥാനത്തിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ മുറാദ് കൊല്ലപ്പെട്ടതായാണ് ഇസ്രാഈല്‍ അവകാശപ്പെടുന്നത്. എന്നാല്‍, അബു മുറാദിന്റെ മരണം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല. ഗസ്സയില്‍ നടന്ന ബോംബാക്രമണത്തില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം വന്നതിനു പിന്നാലെയാണ് ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നത്.

അതേ സമയം 24 മണിക്കൂറിനകം വടക്കന്‍ ഗസ്സയില്‍ നിന്നും ഒഴിഞ്ഞു പോകണമെന്ന ഇസ്രാഈല്‍ അന്ത്യശാസനത്തെ തുടര്‍ന്ന് ഗസ്സയില്‍ നിന്നും പലായനം ചെയ്ത ഫലസ്തീനി അഭയാര്‍ത്ഥികള്‍ക്കു നേരെ മനുഷ്യത്വരഹിതമായി വ്യോമാക്രമണം നടത്തി ഇസ്രാഈല്‍.
ഇസ്രാഈല്‍ ഭീഷണിയെ തുടര്‍ന്ന് സ്വന്തം മണ്ണില്‍നിന്ന് കാറുകളിലും ട്രക്കുകളിലുമായി ജീവനും കൊണ്ടു രക്ഷപ്പെടുകയായിരുന്ന കുട്ടികളടക്കമുള്ള സംഘത്തിനു നേര്‍ക്കാണ് ഇസ്രാഈല്‍ ആക്രമണം നടത്തിയത്. കുട്ടികളടക്കം എഴുപതിലേറെപ്പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഗസ്സയില്‍ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 2000 കവിഞ്ഞു. അതേ സമയം തെക്കന്‍ ലെബനനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ഇസ്രാഈല്‍ ഷെല്ലാക്രമണം നടത്തി. ആക്രമണത്തില്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ വീഡിയോ ജേണലിസ്റ്റ് ഇസ്സാം അബ്ദുള്ള കൊല്ലപ്പെട്ടു. ആറ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റോയിട്ടേഴ്‌സിനെ കൂടാതെ അല്‍ ജസീറയും ഏജന്‍സ് ഫ്രാന്‍സ് പ്രസും(എഎഫ്പി) ഉള്‍പ്പെടെയുള്ള മാധ്യമസംഘം ഇസ്രാഈല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അല്‍മ അല്‍ ഷാബില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ദാരുണ സംഭവം. അതിര്‍ത്തിയില്‍ ഹിസ്ബുള്ളയും ഇസ്രാഈല്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷത്തിനിടയിലാണ് ഇസ്രാഈല്‍ ഷെല്ലാക്രമണം നടത്തിയത്.

ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെയായിരുന്നു ഇസ്സാം അബ്ദുള്ള കൊല്ലപ്പെട്ടതെന്ന് റോയിട്ടേഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. താര്‍ അല്‍ സുഡാനി, മഹര്‍ നസേ എന്നീ റോയിട്ടേഴ്‌സിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മരിക്കുന്നതിന് തൊട്ടുമുമ്പ് പ്രസ് എന്ന് എഴുതിയ ഹെല്‍മെറ്റും ഫ്‌ളാക്ക് ജാക്കറ്റും ധരിച്ചിരിക്കുന്ന ഫോട്ടോ ഇസ്സാം തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ലെബനീസ് പ്രധാനമന്ത്രി നജീബ് മികാതിയും ഹിസ്ബുള്ള ജനപ്രതിനിധിയും സംഭവത്തില്‍ ഇസ്രാഈലിനെ കുറ്റപ്പെടുത്തി. സംഭവത്തെ കുറിച്ച് യുഎന്നില്‍ പരാതി ഉന്നയിക്കുമെന്ന് ലബനീസ് പ്രധാനമന്ത്രി അറിയിച്ചു. അതേസമയം ഇസ്രാഈലിലെയും ഗസ്സയിലെയും സംഘര്‍ഷത്തെക്കുറിച്ച് പശ്ചിമേഷ്യയിലെ ചൈന പ്രതിനിധി ചൈനയിലെ അറബ് ലീഗ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഫലസ്തീന്‍ വിഷയത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന 22 അംഗ അറബ് ലീഗിനെ പിന്തുണയ്ക്കുന്നുവെന്നും ഫലസ്തീന്‍ ജനതയ്ക്ക് മാനുഷിക സഹായം നല്‍കുമെന്നും ഷായ് യുന്നിനെ ഉദ്ധരിച്ച് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

 

webdesk11: