വയനാട് ജില്ലയില്‍ 34 ബദല്‍ സ്‌കൂളുകള്‍ അടച്ച് പൂട്ടി. ഇതോടെ 430 വിദ്യാര്‍ത്ഥികളുടെ പഠനം പ്രതിസന്ധിയില്‍. വിദ്യാലയങ്ങളില്‍ പോകാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആദിവാസി കോളനികളിലും ഗ്രാമീണ മേഖലകളിലും ഉള്ള കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശത്തോടെ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആരംഭിച്ച ഏക അദ്ധ്യാപക വിദ്യാലയമായ ബദല്‍ സ്‌കൂളുകളാണ് അടച്ച് പൂട്ടിയത്. ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയാണ് ഏക അദ്ധ്യാപക വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത്.
പത്തില്‍ കൂടുതല്‍ കുട്ടികളുള്ള ബദല്‍ വിദ്യാലയങ്ങളില്‍ രണ്ട് അദ്ധ്യാപകരെയാണ് നിയമിച്ചിരുന്നത്. നിലവില്‍ പ്രവര്‍ത്തിച്ചു വന്ന 34 വിദ്യാലയങ്ങള്‍ പൂട്ടിയതോടെ അവിടങ്ങളില്‍ പഠിച്ചു വന്ന ചില കുട്ടികള്‍ തൊട്ടടുത്തുള്ള വിദ്യാലയങ്ങളില്‍ പോകാന്‍ തയ്യാറായിട്ടില്ല. ആ കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കാനുള്ള തീവ്രശ്രമമാണ് വിദ്യാഭ്യാസ വകുപ്പ് നടത്തി വരുന്നത്. മാനന്തവാടി സബ് ജില്ലയില്‍ 13 ഏക അദ്ധ്യാപക വിദ്യാലയങ്ങളിലായി 192 കുട്ടികളാണ് പഠനം നടത്തിവന്നിരുന്നത്. അമ്പലമൂല 10, പുതിയൂര്‍ 8, നാരങ്ങാക്കുന്ന് 10, അനന്തോത്ത് 6, പുലിക്കാട് 22, എടക്കോട് 8, തവിഞ്ഞാല്‍ 47, നടുവില്‍ 17, കോലത്തറ 17, എടത്തില്‍ 11. കുന്നിയൂര്‍ 9, വായോട് 20, പെരിഞ്ചേര്‍ മല 7 കുട്ടികളാണ് പഠനം നടത്തിയിരുന്നത്.
വൈത്തിരി സബ്ജില്ലയില്‍ 7 ബദല്‍ സ്‌കൂളുകളിലായി 70 കുട്ടികളായിരുന്നു പഠിച്ചിരുന്നത്.കല്‍പ്പറ്റ പടപ്പുരം 17, വെങ്ങപ്പള്ളി കോളനി 9, കടച്ചിക്കുന്ന് ഒന്ന് 9, കടച്ചിക്കുന്ന് രണ്ട് 8, മേപ്പാടി ജയ്ഹിന്ദ് ഒന്ന് 11, മേപ്പാടി ജയ്ഹിന്ദ് 10, മൂപ്പൈനാട് കാടാശ്ശേരി 6 കുട്ടികള്‍ പഠനം നടത്തിയിരുന്നു. സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ 14 ഏകാദ്ധ്യാപക വിദ്യാലയങ്ങളിലായി 168 കുട്ടികളായിരുന്നു പഠിച്ചിരുന്നത്.
മാടാ പറമ്പ് 14, കരിങ്ങ ലോട് 9, മുക്കുത്തിക്കുന്ന് 5, മാറോട് 10, മലയറ്റം കൊല്ലി 6,വള്ളുവാടി 29, കോലംമ്പറ്റ 14, പാമ്പളം 13, കുമുഴി 5, ചന്ദ്രോത്ത് 7, പള്ളിക്കര 14, ചീയംമ്പം 23, പൊന്‍ കുഴി 4, കമ്പളക്കൊല്ലി 18 വീതം കുട്ടികളാണ് പഠനം നടത്തിയിരുന്നത്.