കോഴിക്കോട്: ജോലിയാവശ്യത്തിന് ഗള്‍ഫിലേക്ക് പോകുന്ന മലയാളികളുടെ എണ്ണം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. രണ്ട് വര്‍ഷത്തിനുള്ളില്‍ ഒന്നര ലക്ഷത്തോളം പേരുടെ കുറവാണുണ്ടായത്. തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ) നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍. സര്‍വ്വേഫലം പ്രകാരം 2016ല്‍ ഗള്‍ഫ് പ്രവാസികളുടെ എണ്ണത്തില്‍ വന്‍കുറവാണുണ്ടായിരിക്കുന്നത്.
2014ല്‍ 24 ലക്ഷമായിരുന്ന വിദേശമലയാളികളുടെ എണ്ണം 2016ഓടെ 22.05 ലക്ഷത്തിലെത്തി. സിഡിഎസ് സര്‍വ്വേ ആരംഭിച്ച 1998ന് ശേഷം ആദ്യമായാണ് പ്രവാസികളുടെ എണ്ണത്തില്‍ കുറവുണ്ടാവുന്നത്. 1998 മുതല്‍ 2011 വരെ സ്ഥിരമായ വര്‍ധനയാണ് കുടിയേറ്റക്കാരുടെ എണ്ണത്തിലുണ്ടായത്. 1998ല്‍ പ്രവാസികളുടെ എണ്ണം 13.6 ലക്ഷമായിരുന്നു. 2003ല്‍ 18.4 ലക്ഷവും 2008ല്‍ 21.9 ലക്ഷവും 2011ല്‍ 22.8 ലക്ഷവും ആയിരുന്നു പ്രവാസികളുടെ എണ്ണം.
സംസ്ഥാനത്ത് ജോലി ചെയ്യാന്‍ ശേഷിയുള്ള പ്രായക്കാരുടെ ജനസംഖ്യ കുറഞ്ഞത്, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി മത്സരം വര്‍ധിച്ചത്, കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും ലഭിക്കുന്ന വേതനത്തില്‍ വലിയ വ്യത്യാസമില്ലാതായത് തുടങ്ങിയവയാണ് കുടിയേറ്റത്തില്‍ കുറവ് വരാനുള്ള പ്രധാനകാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണം നിര്‍മ്മാണമേഖലയിലും ഷോപ്പിങ്ങ് മാളുകളിലുംഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഉള്ള തൊഴില്‍ സാധ്യതയെ ബാധിച്ചു. ആഗോളസാമ്പത്തിക മാന്ദ്യവും എണ്ണവില ഇടിഞ്ഞതും പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയായി. പലരും പിരിച്ചുവിടപ്പെടുകയും ചെറിയ ശമ്പളത്തിന് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. കുറഞ്ഞ ശമ്പളത്തിന് മറ്റ് സംസ്ഥാനക്കാരും രാജ്യക്കാരും തയ്യാറായതും മലയാളികള്‍ക്ക് ദോഷകരമായി.
കേരളസമ്പദ്വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിര്‍ണായ പങ്കാണ് ഗള്‍ഫ് മലയാളികള്‍ക്കുള്ളത്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്നില്‍ രണ്ടും പ്രവാസിമലയാളികളാണ് സംഭാവന ചെയ്യുന്നത്.