അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം ട്വന്റി 20 മത്സരത്തില്‍ 33 റണ്‍സിന് വിജയിച്ചതോടെയാണ് ബുംറയും സംഘവും പരമ്പര സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അയര്‍ലന്‍ഡിന് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 20 ന് മുന്നിലെത്തി. ആദ്യ മത്സരത്തിലും ഇന്ത്യ വിജയം നേടിയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി സഹനായകന്‍ ഋതുരാജ് ഗെയ്ക്‌വാദ് അര്‍ധസെഞ്ചുറി നേടി ടോപ് സ്‌കോററായി. താരം 43 പന്തുകളില്‍ നിന്ന് 58 റണ്‍സെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. വെറും 26 പന്തുകളില്‍ നിന്ന് 5 ഫോറിന്റെയും ഒരു സിക്‌സിന്റെയും അകംബടിയോടെ സഞ്ജു 40 റണ്‍സെടുത്തു.
അവസാന ഓവറുകളില്‍ ആളിക്കത്തിയ പുതുമുഖതാരം റിങ്കു സിങ്ങാണ് ടീം സ്‌കോര്‍ 180 കടത്തിയത്. റിങ്കു വെറും 21 പന്തുകളില്‍ നിന്ന് 3 സിക്‌സിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയോടെ 38 റണ്‍സെടുത്തു. ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യമായി ബാറ്റുചെയ്യാന്‍ അവസരം ലഭിച്ച റിങ്കു അത് ശരിക്കും വിനിയോഗിച്ചു. ശിവം ദുബെ 16 പന്തില്‍ 22 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. അയര്‍ലന്‍ഡിനായി ബാരി മക്കാര്‍ത്തി രണ്ട് വിക്കറ്റെടുത്തു.
186 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിനായി ഓപ്പണര്‍ ആന്‍ഡ്രു ബാല്‍ബിര്‍നി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. താരം 51 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിന്റെയും ആറ് സിക്‌സിന്റെയും സഹായത്തോടെ 72 റണ്‍സെടുത്തു. എന്നാല്‍ മറ്റ് ബാറ്റര്‍മാരെല്ലാം നിരാശരായി മടങ്ങേണ്ടി വന്നു. ബാര്‍ബിര്‍നിയുടെ ഒറ്റയാള്‍ പ്രകടനത്തിന് ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ടീമിലെ ആറുതാരങ്ങള്‍ക്ക് രണ്ടക്കംപോലും കണ്ടെത്താനായില്ല. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ അവസാന മത്സരം ഓഗസ്റ്റ് 23 ന് നടക്കും.