ന്യൂഡല്‍ഹി: ഇന്ന് പുലര്‍ച്ചെ ടിബറ്റിലും നേപ്പാളിലുമായുണ്ടായ ശക്തമായ ഭൂചലനത്തില്‍ 32 പേര്‍ മരിച്ചതായി അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം അസമിലും ബംഗാളിലും ബിഹാറിലും ഉള്‍പ്പെടെ, ഉത്തരേന്ത്യയില്‍ പലയിടത്തും അനുഭവപ്പെട്ടിരുന്നു. ഹിമാലയന്‍ ബെല്‍റ്റില്‍ സ്ഥിരമായി ഭൂചലനം അനുഭവപ്പെടാറുണ്ടെങ്കിലും സമീപകാലത്ത് ഇത്രയും തീവ്രമായ ഭൂചനം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.
രാവിലെ 6.30ഓടെയാണ് ആദ്യ ഭൂചലനമുണ്ടായത്. ഇതിനു പിന്നാലെ ഏഴ് മണിക്ക് ശേഷം 4.7, 4.9 തീവ്രതയില്‍ രണ്ട് ഭൂചലനങ്ങള്‍ കൂടി ഉണ്ടായതായി നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു, ഇന്ത്യയില്‍ പലയിടത്തും കെട്ടിടങ്ങള്‍ കുലുങ്ങിയെങ്കിലും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.