X
    Categories: indiaNews

സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് 32 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു

അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് 32 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ രാമനാഥപുരം സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. അഞ്ച് യന്ത്രവല്‍കൃത ബോട്ടുകള്‍ പിടിച്ചെടുത്തു.

രാമേശ്വരത്ത് നിന്ന് 450 ഓളം യന്ത്രവല്‍കൃത ബോട്ടുകളാണ് കഴിഞ്ഞ ദിവസം രാത്രി കടലില്‍ പോയത്. സമുദ്രാതിര്‍ത്തിക്ക് സമീപം മത്സ്യബന്ധനത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കെ ശ്രീലങ്കന്‍ നാവികസേന പറഞ്ഞയച്ചു. എന്നാല്‍ കടലില്‍ തുടര്‍ന്നുകൊണ്ടിരുന്ന അഞ്ചു ബോട്ടുകളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം അറസ്റ്റിലായവരെ കൂടുതല്‍ നിയമനടപടികള്‍ക്ക് മാന്നാര്‍ ഫിഷറീസ് വകുപ്പിന് കൈമാറി.

മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ സേന അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന്, ഫെബ്രുവരി 28 മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് ശക്തമാക്കാന്‍ രാമനാഥപുരത്തെ മത്സ്യത്തൊഴിലാളി സംഘടന തീരുമാനിച്ചു.

നാവികസേന പിടികൂടിയ മത്സ്യത്തൊഴിലാളികളെയും കസ്റ്റഡിയിലെടുത്ത ബോട്ടുകളും മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി സംഘടന ആവശ്യപ്പെട്ടു.

webdesk17: