പി.എ അബ്ദുല്‍ ഹയ്യ്
മലപ്പുറം
സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃത സഞ്ജീവനിയില്‍ വിവിധ അവയവങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത് 3111 പേര്‍. രജിസ്റ്റര്‍ ചെയ്തവരില്‍ കൂടുതലും പേരും കിഡ്നിക്ക് വേണ്ടിയാണ്. 2261 പേരാണ് കിഡ്നിക്ക് മാത്രം രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. എന്നാല്‍ പദ്ധതി പ്രഖ്യാപിച്ചു എന്നല്ലാതെ ആവശ്യക്കാര്‍ക്ക് പദ്ധതി വഴി അവയവങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഒരു സംവിധാനവുമില്ല എന്നാണ് വസ്തുത.
ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കിയും മറ്റും പദ്ധതിയെ ജനകീയമാക്കിയാല്‍ നിര്‍ധനരായ ആയിരക്കണക്കിന് പേര്‍ക്ക് വലിയ ആശ്വാസമാകും. പദ്ധതി പ്രഖ്യാപിച്ചുവെന്നല്ലാതെ കാര്യമായ ഫണ്ടും ഇതിനായി സര്‍ക്കാര്‍ വകയിരുത്തിയിട്ടില്ലെന്ന് അപേക്ഷര്‍ പറയുന്നു. സര്‍ക്കാരില്‍ ലഭിച്ച അപേക്ഷ പ്രകാരം നിലവില്‍ 758 പേര്‍ക്ക് കരളിനാണ് രജിസ്റ്റര്‍ ചെയ്തത്. ഹൃദയം 62 പേരും, പാന്‍ക്രിയാസിന് 11 പേരുണ്ട്, കൈകള്‍ക്ക് 15 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശ്വാസകോശത്തിന് മൂന്ന് പേരും, ചെറുകുടലിന് ഒരാളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മൃതസഞ്ജീവനിയില്‍ വൃക്ക മാറ്റിവെക്കല്‍ നടന്നത് 215 പേര്‍ക്ക് മാത്രമാണ്. ഇതില്‍ 106 പേരും തിരുവനന്തപുരത്ത് നിന്നും, 58 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും 51 പേര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുമാണ് വൃക്ക മാറ്റിവെക്കല്‍ നടത്തിയത്. ഹൃദയം എട്ട് പേര്‍ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും മാറ്റിവെച്ചു. മറ്റുള്ളവരുടെ രജിസ്ട്രേഷനിലൊന്നും അവയവ ദാനം നടത്താനായിട്ടില്ല.
സര്‍ക്കാര്‍ ആശുപത്രിയില്‍ ജീവിച്ചിരിക്കുന്നവരുടെ അവയവദാനം 487 പേര്‍ക്ക് ലഭ്യമായി. ഇതില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് കരള്‍ മാറ്റിവെക്കല്‍ നടത്തിയത്. ശേഷിക്കുന്നവരെല്ലാം വൃക്കമാറ്റിവെക്കല്‍ നടത്തിയവരാണ്. 239 പേരുടെ വൃക്ക മാറ്റം നടത്തിയത് കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്. 168 പേര്‍ തിരുവനന്തപുരത്തും, 63 പേര്‍ കോട്ടയം മെഡിക്കല്‍ കോളജിലും, 14 പേര്‍ ആലപ്പുഴയിലും നടത്തി. രണ്ട് കരള്‍ മാറ്റിവെക്കല്‍ നടന്നത് കോട്ടയം മെഡിക്കല്‍ കോളജിലാണ്. സംസ്ഥാനത്ത് അവയവ മാറ്റത്തിന് 45 ആശുപത്രികളാണ് പ്രവര്‍ത്തിക്കുന്നത്. ഈ ആശുപത്രികള്‍ കേന്ദ്രീകരിച്ചു പോലും പദ്ധതിയുടെ ആവശ്യകത ജനങ്ങളിലെത്തിക്കാന്‍ സംവിധാനമില്ലെന്നത് നിരാശാജനകമാണ്.