X
    Categories: indiaNews

രാജ്യത്തെ 30 ശതമാനം മാന്‍ഹോള്‍ മരണവും ഗുജറാത്തിലെന്ന്

അഹമ്മദാബാദ്: രാജ്യത്തെ മാന്‍ഹോള്‍ മരണങ്ങളില്‍ മുപ്പത് ശതമാനവും ഗുജറാത്തിലാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നൂറ് മാന്‍ഹോള്‍ മരണങ്ങളാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ മുപ്പതും പേരും ഗുജറാത്തില്‍ നിന്നാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2019 ല്‍ 19 മാന്‍ഹോള്‍ മരണങ്ങള്‍ നടന്ന മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. റോഡിലേയോ ഫൂട്പാത്തിലേയോ തുറന്ന മാന്‍ഹോളില്‍ ആകസ്മികമായി വീഴുകയോ അല്ലെങ്കില്‍ ശുചീകരണ ആവശ്യത്തിനായി ആരെങ്കിലും മാന്‍ഹോളില്‍ പ്രവേശിക്കുമ്പോഴോ ഉണ്ടാകുന്ന അപകട മരണങ്ങളെയാണ് മാന്‍ഹോള്‍ മരണങ്ങളെന്ന് വിലയിരുത്തുന്നത്.

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഗുജറാത്തിലെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. 2018 ല്‍ രേഖപ്പെടുത്തിയ മരണങ്ങളെ അപേക്ഷിച്ച് 50% വര്‍ദ്ധനയാണ് ഗുജറാത്തില്‍ ഉണ്ടായിരിക്കുന്നത്. മാന്‍ഹോളിന് പുറമെ റോഡിലെ കുഴികളില്‍ വീണ് 92 പേരുടെ മരണവും സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ രണ്ടാമത്തെ ഉയര്‍ന്ന നിരക്കാണ്.

ശുചീകരണത്തിനായി മാന്‍ഹോളില്‍ ഇറങ്ങുന്ന തൊഴിലാളികള്‍ക്ക് മരണം സംഭവിക്കുന്നത് ഗുരുതരമായ പ്രശ്‌നമാണെന്ന് ദലിത് ആക്ടിവിസ്റ്റ് കിരിത് റാത്തോഡ് പറഞ്ഞു.

”പ്രതിവര്‍ഷം ഇത്തരത്തില്‍ ഇരുപതോളം സംഭവങ്ങള്‍ ഞങ്ങള്‍ അറിയുന്നുണ്ട്. എന്നാല്‍ അറിയാത്തതും നിലവിലുണ്ട്. അടുത്തിടെ, സൂറത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. രാജ്‌കോട്ടില്‍ മൂന്ന് പേരാണ് മാന്‍ഹോള്‍ ശുചീകരണത്തിനിടെ അപകടത്തില്‍പെട്ടത്. ഒരു സുരക്ഷയും കൂടാതെയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് നിലനില്‍ക്കുന്നുണ്ടെങ്കിലും സാമ്പത്തിക കാരണങ്ങളാലാണ് ആളുകള്‍ ഇതിന് തയാറാകുന്നത്, ”അദ്ദേഹം പറഞ്ഞു.

മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ ഇത്തരം നിരവധി സംഭവങ്ങളില്‍ തങ്ങള്‍ ജുഡീഷ്യറിയെ സമീപിച്ചിട്ടുണ്ടെന്ന് മാനവ് ഗരിമ എന്‍ജിഒ ഡയറക്ടര്‍ പാര്‍ഷോതം വഘേല പറഞ്ഞു. ”കടുത്ത അശ്രദ്ധമൂലം ഇപ്പോഴും ജീവന്‍ നഷ്ടപ്പെടുന്നത് നിര്‍ഭാഗ്യകരമാണ്. ഒരു കാരണവശാലും ഈ രീതി തുടരരുത്, ”അദ്ദേഹം പറഞ്ഞു.

 

chandrika: