X

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വേണ്ടത് 30 ലക്ഷം രൂപ; ആശയക്കുഴപ്പം തുടരുന്നു

കോട്ടയം: ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ സാമ്പത്തിക സഹായമഭ്യര്‍ഥിക്കുകയാണ് കുടുംബം. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 30 ലക്ഷം രൂപ വേണമെന്ന് അഞ്ജുവിന്റെ അച്ഛന്‍ അശോകന്‍ പറഞ്ഞു. ഇതിന് സര്‍ക്കാരിന്റെ ഉള്‍പ്പെടെ സഹായമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. നോര്‍ക്കയുമായി ബന്ധപ്പെട്ട് ഇതിനു വേണ്ട ക്രമീകരണങ്ങള്‍ സജ്ജീകരിക്കാന്‍ ശ്രമിക്കുമെന്ന് വൈക്കം എം എല്‍ എ സി.കെ. ആശ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ബ്രിട്ടനിലെ മലയാളി സംഘടനകളുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല.

വൈക്കം മറവന്തുരുത്ത് സ്വദേശിയും യുകെ കെറ്ററിംഗില്‍ താമസക്കാരുമായ നഴ്‌സ് അഞ്ജു (40) മക്കളായ ജീവ (6) ജാന്‍വി (4) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ ഇരിക്കൂര്‍ പടിയൂര്‍ ചേലവയലില്‍ വീട്ടില്‍ സാജുവിനെ (52)യുകെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സാജുവിനെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. അഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അഞ്ജുവിന്റെ കുടുംബത്തെ അറിയിച്ചു.

പത്തു വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹിതരായവരാണ് അഞ്ജുവും സാജുവും. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന സമയത്താണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പിന്നീട് പ്രണയം വിവാഹത്തിലേക്കെത്തി. എന്നാല്‍, വിവാഹശേഷം യുവതിയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. ഫോണില്‍ വിളിച്ച് സംസാരിക്കുമ്പോഴെല്ലാം മകള്‍ ദുഃഖിതയായിരുന്നെന്ന് അഞ്ജുവിന്റെ പിതാവ് പറയുന്നു.

പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമായിരുന്നു അഞ്ജുവിന്റെ ഭര്‍ത്താവിന്. ഈ ദേഷ്യമാണ് ഒടുവില്‍ മക്കളെ വെട്ടിക്കൊല്ലുന്നതിലേക്കും അഞ്ജുവിനെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതിലേക്കും എത്തിച്ചത്. വിവാഹ ശേഷം ഇരുവരും സൗദി അറേബ്യയിലേക്കാണ് ജോലിക്കായി പോയത്. പിന്നീട് അവിടുത്തെ ജോലി ഉപേക്ഷിച്ച ശേഷമാണ് ഒരു വര്‍ഷം മുമ്പ് ബ്രിട്ടനിലേക്ക് പോയത്. നാട്ടിലുണ്ടായിരുന്ന കുട്ടികളെ ഏതാനും മാസങ്ങള്‍ മുമ്പാണ് ബ്രിട്ടനിലേക്ക് കൂട്ടിക്കൊണ്ടു പോയത്. ഇടക്കാലത്ത് കുട്ടികള്‍ വൈക്കത്തായിരുന്നു താമസിച്ചിരുന്നത്. കഴുത്തു ഞെരിച്ചാണ് അഞ്ജുവിനെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

 

Test User: