X
    Categories: Video Stories

യു.പിയിലെ ഗൊരഖ്പൂരില്‍ 30 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു

ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ 30 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലാണ് 48 മണിക്കൂര്‍ ഓക്‌സിഡന്‍ സംവിധാനം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന കുട്ടികള്‍ മരിച്ചത്.

ഓക്‌സിജന്‍ ലഭ്യമാക്കിയിരുന്ന ഏജന്‍സി സര്‍വീസ് നിര്‍ത്തലാക്കിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യാഴാഴ്ച 20 കുട്ടികളാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെ പത്ത് കുട്ടികളുടെ മരണം കൂടി സ്ഥിരീകരിച്ചു. ആശുപത്രിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശനം നടത്തി രണ്ട് ദിവസത്തിനുള്ളിലാണ് ദാരുണ സംഭവം.

മസ്തിഷ്‌ക വീക്കം (എന്‍സഫാലിറ്റീസ്) അസുഖ ബാധിതരാണ് മരിച്ച കുട്ടികളില്‍ അധികവും. എന്‍സഫാലിറ്റിസ് ബാധിച്ച കുട്ടികള്‍ക്ക് മാത്രമായി മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡുണ്ട്. ഇത്തരത്തിലുള്ള മൂന്ന് വാര്‍ഡുകളിലെ കുട്ടികളാണ് മരിച്ചത്. അതേസമയം, ഓക്‌സിജന്‍ ലഭ്യതയില്ലായ്മ കാരണമല്ല കുട്ടികള്‍ മരിച്ചത് എന്നാണ് ആസ്പത്രി അധികൃതരുടെ വിശദീകരണം.

ഓക്‌സിജന്‍ നല്‍കുന്ന കമ്പനിക്ക് ആസ്പത്രി 66 ലക്ഷം രൂപ നല്‍കാനുണ്ടായിരുന്നതാണ് സര്‍വീസ് നിര്‍ത്തലിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുടിശ്ശിക നികത്താന്‍ നിരവധി തവണ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഓക്‌സിജന്‍ കുറവ് സംബന്ധിച്ച് ടെക്‌നിഷ്യന്‍മാര്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പണം നല്‍കാന്‍ തയാറായില്ല. മുന്‍കൂട്ടി അറിയിച്ചതിനു ശേഷം വ്യാഴാഴ്ച സര്‍വീസ് റദ്ദാക്കുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: