X

പശ്ചിമേഷ്യയുടെ ഭാവി

കെ. മൊയ്തീന്‍കോയ

ഇറാനില്‍ ഇബ്രാഹിം റെയ്‌സിയും ഇസ്രാഈലില്‍ നഫ്താലി ബെന്നറ്റും അധികാരത്തില്‍ വരുന്നതോടെ ഉയര്‍ന്ന ആശങ്ക സ്വാഭാവികം. രണ്ട് പേരും തീവ്ര നിലപാടുകാര്‍. അധികാരമേല്‍ക്കുംമുമ്പേ എതിരാളികളെ നിലംപരിശാക്കണമെന്ന വാശിയുള്ളവരും. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും ലോക സാഹചര്യവും സ്വന്തം രാജ്യങ്ങളിലെ ആഭ്യന്തര പ്രതിസന്ധിയും റെയ്‌സിയുടേയും ബെന്നറ്റിന്റെയും കാര്‍ക്കശ്യ നിലപാടുകള്‍ നടപ്പാക്കുന്നതിന് തടസ്സമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഈ നിലക്കുള്ള സൂചന പുറത്തുവന്നുതുടങ്ങി. ആണവ കരാറിലേക്കുള്ള തിരിച്ച്‌പോക്ക് റെയ്‌നി സപ്തംബറില്‍ അധികാരമേല്‍ക്കുംമുമ്പേ ആവശ്യമാണെന്ന നിലക്കാണ് അമേരിക്കയും പാശ്ചാത്യ ശക്തികളും തന്ത്രം ആവിഷ്‌ക്കരിക്കുന്നത്. മിതവാദി എന്നറിയപ്പെടുന്ന ഹസന്‍ റൂഹാനി സ്ഥാനത്തിരിക്കുമ്പോഴാണ് ഉചിത സന്ദര്‍ഭം എന്നാണ് അവരുടെ നിരീക്ഷണം.

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷം ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒഴിവാക്കണമെന്നാണ് അമേരിക്കയുടെ താല്‍പര്യം. ഒമാന്‍ കടലില്‍ ഇറാന്റെ വന്‍ നാവികകപ്പല്‍ തീപിടിച്ച് മുങ്ങിയതിന്പിന്നില്‍ ഇസ്രാഈല്‍ ആണെന്ന് ഇറാന്‍ ആരോപിക്കുന്നു. വാഷിംഗ്ടണ്‍ പോസ്റ്റ് ഇത്തരം സംഘര്‍ഷത്തെക്കുറിച്ച് വിശദമായി കഴിഞ്ഞാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇസ്രാഈലിന്റെ ജലവിതരണ ശൃംഖല തകര്‍ത്തതിന്റെ പ്രതികരണമാണ് കപ്പലിന് നേരെയുണ്ടായത്. ഇറാന്‍ ബന്ധമുള്ള സിറിയന്‍ കേന്ദ്രങ്ങളില്‍ നടത്തിയ ബോംബാക്രമണം, ഇറാന്റെ പ്രമുഖ ശാസ്ത്രജ്ഞന്റെ കൊലപാതകം ഇവയൊക്കെ ഇസ്രാഈലിന്റെ ആക്രമണമാണ് എന്ന് ഇറാന്‍ വിശ്വസിക്കുന്നു.

തിരിച്ചടിക്ക് ഒരുങ്ങുമ്പോള്‍തന്നെ ആണവ കരാറിലൂടെ വന്‍ നേട്ടങ്ങള്‍ ലക്ഷ്യമിടുകയാണ് ഇറാന്‍. ആണവനിലയം തകര്‍ക്കാനുള്ള ഇസ്രാഈലിന്റെ ശ്രമം വിജയിക്കാന്‍ പോകുന്നില്ല. അത്രയും ഭൂഗര്‍ഭ നിലയങ്ങളിലാണ്. ആണവ നിലയം ആക്രമിക്കാന്‍ ഇസ്രാഈല്‍ തുനിഞ്ഞിറങ്ങിയാല്‍ ബൈഡന്‍ ഭരണകൂടത്തില്‍നിന്ന് സഹായം ലഭിക്കില്ല, പശ്ചിമേഷ്യയില്‍നിന്ന് സൈനിക പിന്‍മാറ്റത്തിനാണ് അവരുടെ നിലപാട്. സഊദി അറേബ്യ ഉള്‍പ്പെടെ യുദ്ധപ്രതിരോധ സംവിധാനം പിന്‍വലിച്ച് ചൈനീസ് ഭീഷണി നേരിടുകയാണ് ബൈഡന്റെ നയം. അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച പുര്‍ത്തിയാക്കിയിട്ടുണ്ട്.

പശ്ചിമേഷ്യ അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍നിന്ന് പിന്‍മാറുന്ന സൈനികരെ ചൈനീസ് താല്‍പര്യങ്ങള്‍ക്കെതിരെ വിന്യസിക്കുകയാണ് അമേരിക്ക. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അവസാനം വേണമെന്നും അമേരിക്കക്ക് നിര്‍ബന്ധമുണ്ട്. ഇസ്രാഈല്‍ സമ്മര്‍ദ്ദം കാരണം വന്‍ ശത്രുതയാണ് ക്ഷണിച്ചവരുത്തുന്നതെന്നും അമേരിക്കയുടെ പുതിയ നേതൃത്വം വിലയിരുത്തുന്നുണ്ട്. അമേരിക്കയുടെ പുതിയ പശ്ചിമേഷ്യന്‍ നയം ഇസ്രാഈലിന്റെ സമ്മര്‍ദ്ദതന്ത്രത്തിനും ബലക്ഷയം സംഭവിക്കുന്നു. തീവ്രനിലപാടുകാരനായ ഇസ്രാഈലിന്റെ പുതിയ പ്രധാനമന്ത്രി ബെന്നറ്റിന് കടുത്ത തീരുമാനമെടുക്കാന്‍ കഴിയില്ല. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ഭരണം.

അഞ്ച് അറബ് എം.പിമാര്‍ പിന്‍മാറിയാല്‍ ഭരണസംഖ്യം തകരുമെന്ന് ബെന്നറ്റിന് അറിയാവുന്നതാണ്. ബെഞ്ചമിന്‍ നെതന്യാഹുവിനെ പുറത്താക്കി അധികാരത്തില്‍ വന്ന സഖ്യ സര്‍ക്കാര്‍ എല്ലാവര്‍ക്കും സ്വീകാര്യമായ നയപരിപാടിയിലാണ് നീങ്ങുന്നത്. 2015 ല്‍ ബരാക്ക് ഒബാമയും ഹസന്‍ റൂഹാനിയും ഒപ്പ്‌വച്ച ആണവ കരാറിലേക്ക് തിരിച്ച്‌വരാനുള്ള ചര്‍ച്ച അന്തിമഘട്ടത്തിലാണ്. 2018 മെയ് 8ന് ഡൊണാള്‍ഡ് ട്രംപ് ഏകപക്ഷീയമായി കരാറില്‍നിന്ന് പിന്‍മാറിയത്, ലോകാഭിപ്രായത്തിന് എതിരായിട്ടാണ്. കരാറ് രൂപപ്പെടുന്നത് ലോകസംഘര്‍ഷത്തിന് അയവ്‌വരുത്തുമെന്നത് മാത്രമല്ല, പശ്ചിമേഷ്യന്‍ സമാധാനപ്രക്രിയക്ക് വേഗത വര്‍ധിപ്പിക്കുമെന്നതിലും സംശയമില്ല.

കടുത്ത യാഥാസ്ഥിതികന്‍ വിശേഷണമുള്ള ഇബ്രാഹിം റെയ്‌സി അധികാരത്തില്‍ വരുന്നതോടെ നിലവിലെ അവസ്ഥ കീഴ്‌മേല്‍മറിയുമെന്നാണ് അവരുടെ ആശങ്ക. എന്നാല്‍ ഇറാനിയന്‍ രാഷ്ട്രീയത്തില്‍ പ്രസിഡന്റിനേക്കാള്‍ അധികാര കേന്ദ്രം ആത്മീയ നേതാവ് ആയത്തുല്ല ഖാമേനിയും 12 അംഗ ഗാര്‍ഡിയന്‍ കൗണ്‍സിലുമാണെന്ന് മനസ്സിലാക്കാവുന്നതാണ്. പുരോഗമന വാദിയും യഥാസ്ഥിതിക നിലപാടുകാരന്‍ എന്നൊക്കെ വിദേശമാധ്യമങ്ങള്‍ വിലയിരുത്തുമ്പോള്‍ ശത്രുവിനെതിരെ ഇറാനിയന്‍ സമൂഹത്തിന്റെ ഏക മനസ്സ് തിരിച്ചറിയേണ്ടതാണ്. മാറിയസാഹചര്യത്തില്‍, ഇബ്രാഹിം റെയ്‌സിയുടെ ആദ്യ പ്രതികരണം രാഷ്ട്രാന്തരീയ സമൂഹം അല്‍ഭുതത്തോടെയാണ് ശ്രവിച്ചത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പ്‌വക്കാന്‍ ഇറാന്‍ തയാറാണെന്ന റെയ്‌സിയുടെ പ്രഖ്യാപനം പാശ്ചാത്യശക്തികളും ഇറാനുമായുള്ള സംഘര്‍ഷത്തിന് അയവ്‌വരുത്തുന്നു. ആണവനിലയം അടക്കാനും ഇറാന്‍ തീരുമാനിച്ചു. വിയന്നയില്‍ ഇറാനും വന്‍ ശക്തികളും ആണവ കരാറിന്മേലുള്ള ചര്‍ച്ച പുരോഗമിക്കുകയുമാണ്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പ്‌വക്കാത്ത രാഷട്രങ്ങളില്‍ ഇറാന്പുറമെ, ഇസ്രാഈലും ഇന്ത്യയും ഉള്‍പ്പെടുന്നുണ്ട്. അതിനിടെ അമേരിക്കയും വന്‍ശക്തികളും ഇറാനുമായി 2015ല്‍ ഒപ്പ് വച്ച കരാറിലേക്ക് തിരിച്ച് വരാനുള്ള നീക്കം തടയാന്‍ സര്‍വ കുതന്ത്രവുമായി ഇസ്രാഈല്‍ കളി തുടങ്ങി.

പുതിയ കരാറിലേക്ക് എത്തിക്കഴിഞ്ഞാല്‍, ഉപരോധം പിന്‍വലിക്കുന്നതോടെ മേഖലയില്‍ ഇറാന്റെ സ്വാധീനം വര്‍ധിക്കുമെന്നും രാഷ്ട്രീയ സൈനികശക്തിയായി വളരുമെന്നുമാണ് ഇസ്രാഈലിന്റെ ഭയം. അമേരിക്കയെ സ്വാധീനിച്ച് ആണവ കരാറിലേക്ക് തിരിച്ച്‌പോകുന്നത് തടയാന്‍ നയതന്ത്ര തലത്തിലും സൈബര്‍ രംഗത്തും വ്യാപകമായ ഇടപെടല്‍ ഇസ്രാഈല്‍ നടത്തുന്നു. വൈറ്റ്ഹൗസില്‍ എത്തി ബൈഡന്‍ ഭരണകൂടത്തിലെ ഉന്നതരെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഇസ്രാഈല്‍ നേതാക്കളുടെ ശ്രമം. അറബ് രാഷ്ട്ര നേതാക്കളേയും ഈ വഴിക്ക് തിരിച്ച്‌വിടാന്‍ അണിയറ നീക്കമുണ്ട്. എന്നാല്‍ ഇറാനുമായുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ബൈഡന്‍ ടീം. ഇറാനെ അമേരിക്ക വലിയ ശത്രുവായി ഇപ്പോള്‍ കാണുന്നില്ല. മാറിവരുന്ന ലോക സാഹചര്യത്തില്‍ ചൈനയെ ഒറ്റപ്പെടുത്താനാണ് അവരുടെ തീരുമാനം. ചൈനയുമായി സൗഹൃദത്തിലുള്ള ഇറാനെ അടര്‍ത്തിയെടുക്കാന്‍ പുതിയ കരാറ് വരുന്നതോടെ കഴിയും. സഖ്യരാഷ്ട്രങ്ങള്‍ക്കും ഇതേ നിലപാടാണ്. ഇസ്രാഈലിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയശേഷം ബൈഡന്‍ തീരുമാനവുമായി മുന്നോട്ട്‌പോകുമത്രെ.

 

Test User: