X

പാര്‍ട്ടി ക്വട്ടേഷന്റെ പിന്നാമ്പുറ കാഴ്ചകള്‍

ദാവൂദ് മുഹമ്മദ്

‘ഞങ്ങടെ പൊലീസ് ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രസേ’ എന്നൊരു പ്രയോഗമുണ്ട്. ഇതിനിത്തിരി പഴക്കമുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയാകാലത്ത് സഖാക്കളിപ്പോള്‍ പറയുന്നത് മറ്റൊന്നാണ് ‘ഞങ്ങളുടെ ഗുണ്ടകള്‍ ഞങ്ങളെ വെല്ലുവിളിച്ചാല്‍ നിങ്ങള്‍ക്കെന്താ മാധ്യമങ്ങളെ’.

അത്രമാത്രം നിരായുധരായിരിക്കുകയാണ് സി.പി.എമ്മിലെ കണ്ണൂര്‍ നേതൃത്വം. എതിരാളികളെ രാഷട്രീയമായി നേരിടാന്‍ സ്റ്റഡീക്ലാസുകള്‍ നല്‍കി നിര്‍മിച്ചെടുത്ത ക്വട്ടേഷന്‍ സംഘങ്ങളിപ്പോള്‍ പാര്‍ട്ടിയെ തന്നെ നിയന്ത്രിക്കുകയാണ്. പാര്‍ട്ടിയെന്നാല്‍ ഈ ചെമ്പടയല്ലെന്ന് വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിക്കുമ്പോള്‍ പിന്നെയാരാണ് പാര്‍ട്ടിയെന്ന് കേരളാ പൊതുബോധം സി.പി.എമ്മിന്റെ മുഖത്ത് നോക്കി ചോദിക്കുകയാണ്.

അധോലോക സംഘമായി കണ്ണൂരിലെ സി.പി.എം മാറിയതിനുപിന്നില്‍ നിരവധി കാരണങ്ങളുണ്ട്. കൊലയാളി സംഘത്തെ വാര്‍ത്തെടുക്കുന്ന പാര്‍ട്ടി പാരമ്പര്യത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. വാടിക്കല്‍ രാമകൃഷ്ണന്‍ മുതല്‍ പാനൂര്‍ പുല്ലുക്കരയിലെ മന്‍സൂര്‍ വരെയുള്ളവര്‍ ഇതിന്റെ ഇരകളാണ്. ടി.പി ചന്ദ്രശേഖരന്‍ കേസിനു ശേഷമാണ് പാര്‍ട്ടി ക്വട്ടേഷന്‍ ഗതിമാറി ഒഴുകിത്തുടങ്ങിയത്. അതുവരെ പാര്‍ട്ടി ചരടില്‍ മാത്രം ഒതുങ്ങിനിന്ന ഇത്തരം സംഘം പുതിയ മേച്ചില്‍പുറം തേടിയതാണ് സി.പി.എമ്മിനെതന്നെ പ്രതിസന്ധിയിലാക്കിയത്. ടി.പി കേസില്‍ ജയിലിലായ മുന്‍നിര പാര്‍ട്ടി ഗുണ്ടകള്‍ക്ക്‌ശേഷം പിറവികൊണ്ട രണ്ടാം നിരയാണ് സി.പി.എമ്മിനെ ഇപ്പോള്‍ വെല്ലുവിളിക്കുന്നത്.

ഇതൊക്കെയെത്ര കണ്ടതാണ് ഈ പാര്‍ട്ടിയെന്ന പതിവ് പല്ലവികൊണ്ട്മാത്രം രക്ഷപ്പെടാന്‍ കഴിയാത്തത്രയും ആഴത്തിലാണ് ഈ ക്വട്ടേഷന്‍ വേരുകള്‍. അതിനെ അറുത്തുമാറ്റി പാര്‍ട്ടിയെ സ്വതന്ത്രമാക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ ഈ പാര്‍ട്ടിതന്നെ നിലനില്‍ക്കുന്നത് ഇത്തരം വേരുകളുടെ പിന്‍ബലത്തിലാണെന്ന് കേരളം ചര്‍ച്ചചെയ്യുകയാണിപ്പോള്‍.

ചരട്‌പൊട്ടിയ പാര്‍ട്ടി ക്വട്ടേഷന്‍

പാര്‍ട്ടിയാണ് ജീവന്‍. പാര്‍ട്ടി മാത്രമാണ് ജീവന്‍ എന്നു കരുതുന്ന യുവനിരയിപ്പോഴും പാര്‍ട്ടി ഗ്രാമങ്ങളിലുണ്ട്. എതിരാളികളെ നേരിടാന്‍ പാകപ്പെടുത്തുന്ന പാര്‍ട്ടി സംഘങ്ങളുമുണ്ട്. പാര്‍ട്ടിക്ക്‌വേണ്ടി കൊല്ലാനും അഭിമാനബോധത്തോടെ ജയിലില്‍ പോകാനും തയ്യാറാണവര്‍. അപ്പോഴും എപ്പോഴും നേതാക്കള്‍ സുരക്ഷിതരായിരുന്നു. ഈ സുരക്ഷിതബോധം പൊളിഞ്ഞുപോയതോടെയാണ് പാര്‍ട്ടി ക്വട്ടേഷന്‍ ചരട് പൊട്ടിയത്്. ടി.പി കേസിന്റെ സൂത്രധാരന്‍ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം വലയിലായതോടെ നേതാക്കളുടെ സുരക്ഷിത ബോധം പൊളിഞ്ഞു. ഷുക്കൂര്‍ കേസിലും കതിരൂര്‍ മനോജ് കേസിലും പി ജയരാജന്‍ പ്രതിയായതോടെ ഈ സുരക്ഷിത ബോധത്തിന് വലിയ ക്ഷതമുണ്ടായി. ക്വട്ടേഷന്‍ സംഘത്തെ നിയന്ത്രിക്കുന്ന അതിവിദഗ്ധനാണ് കുഞ്ഞനന്തന്‍. ഇത്തരം കൊലയാളി സംഘങ്ങള്‍ക്കും പാര്‍ട്ടിക്കുമിടയിലെ നേരിട്ടുള്ള പാലമായ കുഞ്ഞനന്തന്റെ നഷ്ടമാണ് ക്വട്ടേഷന്‍ സംഘങ്ങളുടെ എല്ലാ നിയന്ത്രണങ്ങളും പാര്‍ട്ടിക്ക് നഷ്ടമായത്. ഇവര്‍ തമ്മിലുള്ള അതിവൈകാരികമായ ആത്മബന്ധത്തിനുമപ്പുറം കണ്ണിചേര്‍ക്കാന്‍ പാര്‍ട്ടിയില്‍ മറ്റൊരാളില്ലാതെപോയി എന്നതിന്റെ ആഴമറിയണമെങ്കില്‍ കുഞ്ഞനന്തന്റെ ഒന്നാം ചരമവാര്‍ഷികത്തിലെത്തിയവരെ വിലയിരുത്തിയാല്‍ മാത്രം മതി.

മഞ്ഞുമലയുടെ ഒരറ്റം

കണ്ണൂരിലെ സി.പി.എമ്മിനെ കുറിച്ച് പറയുമ്പോള്‍ പുറത്തുള്ള കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്കുപോലും അതിശയോക്തിയോടെയല്ലാതെ കേള്‍ക്കാന്‍ കഴിയില്ല. ഒരു അധോലോക ബന്ധത്തിന്റെ അപസര്‍പ്പകഥകള്‍ക്കുമപ്പുറമാണ് പാര്‍ട്ടി രഹസ്യങ്ങള്‍. സി.പി.എമ്മിനുവേണ്ടി എന്തിനും തയ്യാറായ യുവാക്കള്‍, ആഘോഷമാക്കുന്ന അണികള്‍. കൊണ്ടുംകൊടുത്തും പിടിച്ചടക്കുന്ന നേതാക്കള്‍, ജീവന്‍ നല്‍കി സംരക്ഷിക്കുന്ന പാര്‍ട്ടി. ഇതൊക്കെയാണ് കണ്ണൂരിലെ സി.പി.എം.
ജനാധിപത്യ കേരളത്തെ ഞെട്ടിപ്പിക്കുന്ന കള്ളക്കടത്തിന്റെ ഒരു ഭാഗം മാത്രമാണിപ്പോള്‍ പുറത്തുവന്നത്. ജയിലിനകത്തും പുറത്തും സുരക്ഷിതമാണെന്ന ക്രിമിനലുകളുടെ ബോധമാണ് കള്ളക്കടത്തിന് ചുവടുറപ്പിക്കുന്നത്. മാധ്യമ വാര്‍ത്താ ഉത്സവത്തിനുമപ്പുറം ഒരന്വേഷണവും തങ്ങളെ തേടിവരില്ലെന്ന ഉറച്ച വിശ്വാസം ഈ സംഘത്തിനുണ്ട്.
കേരളത്തില്‍ സ്വര്‍ണ്ണക്കടത്ത് ആദ്യത്തെ സംഭവമല്ല.വിവിധ പ്രദേശങ്ങളിലുള്ളവര്‍ സംഘടിതമായി വര്‍ഷങ്ങളായി നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ അന്വേഷണ ഏജന്‍സികള്‍ ചുമത്താത്തതിനാല്‍ വലകീറി പുറത്തുവരികയാണ് ഇത്തരം സംഘങ്ങള്‍. ടി.പി കേസിലെ പ്രതിയായ മോഹനന്‍ മാസ്റ്ററെ സ്വര്‍ണ്ണക്കടത്തുകാരന്‍ അറബിയുടെ വേഷത്തില്‍ ജയിലിലെത്തി സന്ദര്‍ശിച്ചത് മുതല്‍ ആരംഭിക്കണം സ്വര്‍ണ്ണക്കടത്തുകാരുടെ സി.പി.എം ബന്ധം. സ്വര്‍ണ്ണം കടത്തുന്ന സംഘത്തെ കൊള്ളയടിക്കുകയെന്ന പുതിയ പ്രവണതയിലേക്ക് ക്വട്ടേഷന്‍ സംഘങ്ങളെത്തിയിട്ട് ഏറെ കാലമായിട്ടില്ല. ഇതിനുപിന്നിലുള്ള ടി.പി കേസ് പ്രതികളായ മുഹമ്മദ് ഷാഫി, കൊടി സുനി, കിര്‍മാണി മനോജ് തുടങ്ങിയവരുടെ പങ്ക് പിന്നാലെ വരാനിരിക്കുന്നതേയുള്ളൂ.

ആയങ്കി ചെറിയ മീനാണ്

സ്വര്‍ണ്ണക്കടത്ത് പൊട്ടിക്കുന്ന കണ്ണൂര്‍ സംഘത്തിലെ ചെറിയ മീനാണ് അര്‍ജുന്‍ ആയങ്കി. സംഘത്തലവന്‍ ഇപ്പോഴും പുറത്താണ്. നിരവധി കേസുകളിലെ പ്രതിയായതിനാല്‍ അയാള്‍ മര്‍മ്മമറിഞ്ഞു കളിച്ചു. ചതുരംഗക്കളിയില്‍ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ രക്ഷപ്പെടുമോ എന്ന് കാത്തിരുന്ന് കാണാം.
പാര്‍ട്ടിയുടെ റെഡ് വളണ്ടിയറും കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ആയങ്കിയെ മൂന്ന് വര്‍ഷം മുമ്പ് പുറത്താക്കിയിരുന്നു എന്നാണ് പാര്‍ട്ടി ഭാഷ്യം. ഏപ്രിലില്‍ നടന്ന ആര്‍ഭാട വിവാഹത്തില്‍ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തിരുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാളുമായി ബന്ധമുള്ള ആയങ്കിയെ തൊടാന്‍ പലര്‍ക്കും ധൈര്യമില്ല. ഈ സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങള്‍ ഇന്നലെ ചന്ദ്രിക പുറത്തു വിട്ടിരുന്നു. പാര്‍ട്ടി സംഘത്തിന്റെ വലിയശൃംഖല ഈ സ്വര്‍ണ്ണക്കൊള്ളക്ക് പിന്നിലുണ്ട്. ഇതിലെ അവസാനത്തെയോ ഇടയിലെയോ ഒരു കണ്ണിമാത്രമാണ് അര്‍ജുന്‍ ആയങ്കി.

ആകാശ് വെറും ആകാശല്ല

ആകാശ് തില്ലങ്കേരി എന്ന പേര് കേരളം കേള്‍ക്കുന്നത് ഷുഹൈബ് വധക്കേസിന്റെ പശ്ചാത്തലത്തിലാണ്. നിരവധി അക്രമ കേസിലെ പ്രതിയായ ആകാശ് പാര്‍ട്ടി ക്വട്ടേഷന്റെ രണ്ടാം നിരയിലെ ഒരാള്‍ മാത്രമാണ്,അതുവരെ. പക്ഷേ, ഷുഹൈബ് വധക്കേസില്‍ വീര പരിവേഷം നല്‍കി ചെമ്പടകള്‍ നാടുനീളെ #ക്‌സുകള്‍ തൂക്കിയതോടെ ആകാശ് പാര്‍ട്ടിയുടെ ധീരസഖാവായി. കിര്‍മാണിക്കും കൊടി സുനിക്കും ശേഷം എതിരാളികളെ നേരിടാന്‍ മറ്റൊരു സംഘത്തിന്റെ തലവനായി പാര്‍ട്ടി ബോധ പൂര്‍വം വളര്‍ത്തിയെടുത്ത പേരാണ് ആകാശ്. ഷുഹൈബ് വധക്കേസ് സി. ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് പാര്‍ട്ടിയുടെ സ്വന്തം ആകാശിനു വേണ്ടിമാത്രമാണ്. പി ജയരാജനുമായി ആത്മബന്ധമുള്ള ആകാശിനെ തള്ളാന്‍ പാര്‍ട്ടിക്ക് കഴിയില്ല. പാര്‍ട്ടി പറയുമ്പോള്‍ എന്തും ചെയ്ത ഇന്നലെകള്‍ ഈ യുവാവിനുണ്ട്. ഇത്‌കൊണ്ടു തന്നെയാണ് ഇദ്ദേഹത്തെ പാര്‍ട്ടിക്ക് ഭയം. ഷുഹൈബ് കേസില്‍ ഉള്‍പ്പെടുമ്പോള്‍ മീശമുളക്കാത്ത പയ്യന്‍ മാത്രമാണ് ആകാശ്. ഇന്ന് കേരളം മുഴുവന്‍ ഫോളോവേഴ്‌സുള്ള ചെമ്പടസ്റ്റാറാണ്.

വന്‍ സാമ്പത്തിക വളര്‍ച്ചയുടെ പിന്നാമ്പുറക്കഥകളും ഇയാളെ ചുറ്റിപ്പറ്റി പുറത്ത്‌വരുന്നുണ്ട്. ഇരിട്ടി നഗരസഭയുടെയും മുഴക്കുന്ന് പഞ്ചായത്തിന്റെയും അതിര്‍ത്തി പ്രദേശങ്ങളിലുള്ള ചെങ്കല്‍ പണകളില്‍ ഏറെയും ആകാശിന്റെതാണ്. നിരവധി വാഹനങ്ങളുമുണ്ടെന്ന് പാര്‍ട്ടിതന്നെ കണ്ടെത്തിയിട്ടുണ്ട്. കള്ളക്കടത്ത് ക്വട്ടേഷനിലൂടെ ലഭിക്കുന്ന ലക്ഷങ്ങള്‍ ഇങ്ങിനെ നിക്ഷേപിച്ചിട്ടുണ്ടാവാം. അന്വേഷിക്കേണ്ടത് പൊലീസാണ്. ഇവരുടെ കൈകള്‍ ബന്ധിപ്പിച്ച നിലയിലുമാണ്.

 

Test User: