ഹരിയാനയില്‍ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വച്ച് മൂന്ന് സ്ത്രീകളെ അജ്ഞാതര്‍ കൂട്ടബലാത്സംഗം ചെയ്തു. സായുധരായ നാലംഗ സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറയുന്നു. പാനിപ്പത്തില്‍ ബുധനാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം.
കത്തികള്‍ അടക്കം മൂര്‍ച്ചയേറിയ ആയുധങ്ങളുമായാണ് സംഘം എത്തിയത്. വീട്ടില്‍ അതിക്രമിച്ച് കയറിയ നാലംഗ സംഘം ആയുധങ്ങള്‍ കാണിച്ച് ഭയപ്പെടുത്തിയ ശേഷം കുടുംബാംഗങ്ങളെ കെട്ടിയിട്ടു. 24, 25, 35 വയസ്സുള്ള സ്ത്രീകളെയാണ് അവരുടെ ഭര്‍ത്താക്കന്‍മാരുടെയും മക്കളുടെയും മുന്നില്‍വച്ച് പീഡിപ്പിച്ചത്.
പാതിരാത്രി വീട്ടില്‍ അതിക്രമിച്ചു കയറി അക്രമികള്‍, സ്ത്രീകളുടെ കുടുംബാംഗങ്ങളെ എല്ലാവരെയും കയര്‍ ഉപയോഗിച്ച് ബന്ധിക്കുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്നായിരുന്നു പീഡനം. കുടുംബാംഗങ്ങള്‍ നോക്കിനില്‍ക്കേയായിരുന്നു ലൈംഗികാതിക്രമം. പ്രതികള്‍ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചതായും പൊലീസ് വ്യക്തമാക്കി.