X

തല മറച്ചതിന് മൂന്ന് മദ്രസാ അധ്യാപകരെ മര്‍ദ്ദനം; തീവണ്ടിയില്‍ നിന്നും പുറത്തേക്കെറിഞ്ഞു

ഭഗ്പത്: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ മുസ്്‌ലിംകള്‍ക്കെതിരെ വീണ്ടും ആക്രമണം. ഭഗ്പതില്‍ മൂന്ന് യുവ മുസ്്‌ലിം പണ്ഡിതന്‍മാരെ തീവ്ര ഹിന്ദുത്വ വാദികളായ അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഓടുന്ന തീവണ്ടിയില്‍ നിന്നും പുറത്തേക്കെറിഞ്ഞു. മദ്രസ അധ്യാപകരായ മൂവരും ഡല്‍ഹിയിലെ മര്‍കസി മസ്്ജിദ് സന്ദര്‍ശിച്ച ശേഷം സ്വദേശമായ ഭഗ്പതിലെ അഹേദ ഗ്രാമത്തിലേക്കു മടങ്ങുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തില്‍ പരിക്കേറ്റ മൂവരേയും ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അജ്ഞാതരായ ആറ് അക്രമികള്‍ക്കെതിരെ ഭഗ്പത് കോട്‌വാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം റെയില്‍വേ പൊലീസിന് കൈമാറി. അഹേദ റയില്‍വേ സ്റ്റേഷന്‍ എത്തുന്നതിനു മുമ്പായിരുന്നു ഗുല്‍സാര്‍, ഇസ്്‌റാര്‍, അബ്രാര്‍ എന്നീ യുവ പണ്ഡിതന്‍മാരെ ഏഴംഗ അക്രമി സംഘം ഇരുമ്പ് ദണ്ഡ് കൊണ്ട് മര്‍ദ്ദിച്ചത്. അഹേദ സ്റ്റേഷന് അടുത്തെത്തിയപ്പോള്‍ മുകളിലെ ബര്‍ത്തിലായിരുന്ന മൂവരെയും അക്രമികള്‍ തടയുകയും ചിലര്‍ ബോഗിയുടെ വാതിലുകളും ജനലുകളും അടക്കുകയും ചെയ്തു. പിന്നാലെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഏഴംഗ സംഘം മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിന് ശേഷം തീവണ്ടിയില്‍ നിന്നും പുറത്തേക്കെറിയുകയായിയിരുന്നു. എന്തിനാണ് വാതിലുകളും ജനലും അടക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അക്രമി സംഘം പൊതിരെ തല്ലുകയായിരുന്നെന്ന് മര്‍ദ്ദനത്തില്‍ പരിക്കേറ്റ മദ്രസ അധ്യാപകനായ ഇസ്‌റാര്‍ പറഞ്ഞു. ടവല്‍ കൊണ്ട് തലമറച്ചിരുന്നുവെന്നതാണ് തങ്ങളില്‍ അക്രമികള്‍ കണ്ട ഏക കുറ്റമെന്നും എന്തിനാണ് തല മറച്ചതെന്നു മര്‍ദ്ദിക്കുന്നതിനിടെ ചിലര്‍ ചോദിക്കുന്നുണ്ടായിരുന്നെന്നും ഇസ്്‌റാര്‍ പറഞ്ഞു. അക്രമികള്‍ പരിചയമില്ലാത്തവരാണെങ്കിലും കണ്ടാല്‍ തിരിച്ചറിയാനാവുമെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തില്‍ പരിക്കേറ്റ ഇസ്്‌റാര്‍ ഗ്രാമവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെത്തിയാണ് മൂവരെയും ആസ്പത്രിയില്‍ എത്തിച്ചത്. മൂവര്‍ക്കും കയ്യിനും കാലിനും തലക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

chandrika: