X

തെരഞ്ഞെടുപ്പ് പരാജയം: ആറ് പി.സി.സി അധ്യക്ഷന്‍മാര്‍ രാജി സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മൂന്ന് സംസ്ഥാന പി.സി.സി അധ്യക്ഷന്‍മാര്‍ കൂടി രാജി സമര്‍പ്പിച്ചു. ഇതോടെ പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും രാജി സമര്‍പ്പിച്ചവരുടെ എണ്ണം ആറായി. യു.പി അധ്യക്ഷന്‍ രാജ് ബബ്ബര്‍, ഒഡീഷ സംസ്ഥാന അധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായിക്, മഹാരാഷ്ട്ര പി.സി.സി അധ്യക്ഷന്‍ അശോക് ചവാന്‍ എന്നിവരാണ് നേരത്തെ രാജി സമര്‍പ്പിച്ചിരുന്നത്. ഇവര്‍ക്ക് പുറമെ പഞ്ചാബ്, ജാര്‍ഖണ്ഡ്, അസം പി.സി.സി അധ്യക്ഷന്‍മാരായ സുനില്‍ ഝാകര്‍, അജോയ് റോയ്, റിപുന്‍ ബോറ എന്നിവരും പാര്‍ട്ടി അധ്യക്ഷന് രാജികത്ത് നല്‍കിയിട്ടുണ്ട്. പഞ്ചാബില്‍ 2014ല്‍ മൂന്ന് സീറ്റു മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് 13ല്‍ എട്ടിടത്ത് കോണ്‍ഗ്രസ് വിജയിച്ച് സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചെങ്കിലും ഗുരുദാസ്പൂരില്‍ സണ്ണി ഡിയോളിനോടേറ്റ തോല്‍വിയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും മാറുകയാണെന്നാണ് സുനില്‍ ഝാകര്‍ രാഹുല്‍ ഗാന്ധിക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നത്. സംസ്ഥാനത്തെ 14ല്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായതെന്നും ജാര്‍ഖണ്ഡിലെ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒഴിയുകയാണെന്നുമാണ് അജോയ് റോയ് കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാന അധ്യക്ഷന്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധനായെങ്കിലും സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രകടനം അത്ര മോശമല്ലെന്ന് പാര്‍ട്ടി വക്താവ് അലോക് ദുബെ പറഞ്ഞു. സിങ്ബൂമില്‍ വന്‍ മാര്‍ജിനില്‍ വിജയിച്ച പാര്‍ട്ടി കുന്തിയില്‍ 1400 വോട്ടുകള്‍ക്കും ലോഹര്‍ഗഡയില്‍ 10,000 വോട്ടുകള്‍ക്കുമാണ് തോറ്റതെന്നും അദ്ദേഹം പറഞ്ഞു. അസമില്‍ 2014ല്‍ മൂന്ന് സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസിന് ഇത്തവണയും മൂന്ന് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. പാര്‍ട്ടി പ്രകടനം കരുതിയതിലും മോശമായതിനാല്‍ അധ്യക്ഷ സ്ഥാനത്തു നിന്നും ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചാണ് റിപൂര്‍ ബോറ അഖിലേന്ത്യാ അധ്യക്ഷന് കത്ത് നല്‍കിയത്. കാലിബോര്‍, നഗാവോന്‍, ബാര്‍പേട്ട എന്നീ മൂന്നിടത്താണ് കോണ്‍ഗ്രസ് ഇത്തവണ വിജയിച്ചത്. 2014ല്‍ 29.9 ശതമാനം വോട്ടു മാത്രം നേടിയ കോണ്‍ഗ്രസ് 2016ലെ നിയനസഭാ തെരഞ്ഞെടുപ്പില്‍ ഇത് 30.96 ശതമനമായി ഉയര്‍ത്തിയിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ടു വിഹിതം 35.44 ശതമാനമായി വര്‍ധിച്ചെങ്കിലും സീറ്റുകള്‍ കൂടുതല്‍ നേടാനായിരുന്നില്ല.

chandrika: