നെടുമ്പാശ്ശേരി: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബയിലെ സ്‌ഫോടന പരമ്പരകളുടെ നടുവില്‍ നിന്നും ജീവന്‍ തിരിച്ച് കിട്ടിയ ആശ്വാസത്തോടെ കൊച്ചി സ്വദേശികളായ പ്രദീപ് രാജുവും സഹോദരന്‍ സജീവ് രാജുവും കുടുംബാംഗങ്ങളും തിരിച്ചെത്തി. ചോരക്കളത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്ന് ഇവര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ തെരുവുകളില്‍ നിന്ന് ജനങ്ങള്‍ പരിഭ്രാന്തരായി പലായനം ചെയ്യുകയായിരുന്നു. ആംബുലന്‍സുകള്‍ പരിക്കേറ്റവരേയുംകൊണ്ട് തലങ്ങും വിലങ്ങും ഓടുന്നത് കാണാമായിരുന്നുവെന്ന് പ്രദീപ് രാജ് പറഞ്ഞു. ബോംബ് സ്‌ഫോടനങ്ങള്‍ക്ക് ശേഷവും സുരക്ഷിതമല്ലാത്ത അവസ്ഥയാണുള്ളത് . ജനങ്ങള്‍ ഭയവിഹ്വലരായാണ് കഴിയുന്നതെന്ന് അവര്‍ പറഞ്ഞു. വിനോദ സഞ്ചാരികളായാണ് തങ്ങള്‍ പോയതെന്ന് ഇവര്‍ പറഞ്ഞു. താമസിച്ചിരുന്ന ഹോട്ടലിന്റെ 500 മീറ്റര്‍ അകലെയാണ് മൂന്ന് ബോംബുകള്‍ പൊട്ടിയത.് ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ എട്ടിനാണ് ഈ മൂന്ന് സ്ഥലത്തും ബോംബുകള്‍ പൊട്ടിയത്. ആദ്യ സ്‌ഫോടനത്തില്‍ ഭീകരാക്രമണമാണെന്ന് ആരും തിരിച്ചറിഞ്ഞില്ല.പുറത്ത് വന്ന് നോക്കിയപ്പോഴാണ് പരിക്കേറ്റവരുമായി ആബുലന്‍സുകള്‍ ചീറിപ്പായുന്നത് കണ്ടത്. തിരിച്ചു പോകാനുള്ള ടിക്കറ്റ് തിങ്കളാഴ്ച ആയിരുന്നുവെങ്കിലും പ്രതികൂല സാഹചര്യം മുന്നില്‍ കണ്ട് ഞായറാഴ്ച രാത്രി തന്നെ കൊളംബോ വിമാനത്താവളത്തില്‍ തങ്ങുകയായിരുന്നു. ഭീകരാക്രമണത്തിന്റെ തീവ്രത ബോധ്യപ്പെട്ടതോടെ സര്‍ക്കാര്‍ കര്‍ഫ്യു പ്രഖ്യാപിച്ചതിനാല്‍ ജനജീവിതം ദുരിതപൂര്‍ണമാണ്. അവധി ആഘോഷിക്കാനെത്തിയ നൂറ് കണക്കിന് ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ കൊളംബോയിലെ ഹോട്ടലുകളില്‍ കുടിങ്ങിയിട്ടുണ്ടന്നും ഇവര്‍ പറഞ്ഞു. സെന്റ് ആന്റണീസ്, സെന്റ് സെബാസ്റ്റ്യന്‍സ് എന്നീ പള്ളികളിലും കിംഗ്‌സ് ബെറി, ഡിനാമന്‍ ഗ്രാന്‍ഡ്,ഷാന്‍ ഗ്രലിയ എന്നീ ഹോട്ടലുകളിലുമായി കൊളംബോയില്‍ എട്ട് സ്‌ഫോടനകളാണ് നടന്നത്.
- 6 years ago
chandrika