ഇസ്‌ലാമാബാദ്: ഇന്ത്യക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നു മൂന്ന് ഹൈക്കമ്മിഷണര്‍മാര്‍ കൂടി പാകിസ്താനില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങി. വാണിജ്യ വിഭാഗം ഫസ്റ്റ് സെക്രട്ടറി അനുരാഗ് സിംഗ്, വിജയ് കുമാര്‍ വര്‍മ, മാധവന്‍ നന്ദകുമാര്‍ എന്നിവരാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. ഇവരെ കൂടാതെ മറ്റ് അഞ്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥരും ഇന്ത്യയിലേക്കു തിരിക്കും. രാജേഷ് കുമാര്‍ അഗ്നിഹോത്രി, അമര്‍ദീപ് സിങ് ഭാട്ടി, ധര്‍മേന്ദ്രസോധി, ബല്‍ബീര്‍ സിങ്, ജയബാലന്‍ സെന്തില്‍ എന്നിവര്‍ വാഗ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് മടങ്ങുമെന്ന് പാക് ടെലിവിഷന്‍ ചാനലായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
നയതന്ത്ര ദൗത്യത്തിന്റെ പേരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്ന് ഇവരുടെ പേരുകള്‍ പുറത്തുവിട്ടു പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിനും (റോ), ഇന്റലിജന്‍സ് ബ്യൂറോക്കും വേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പാകിസ്താന്റെ ആരോപണം. പാകിസ്താനെ അന്താരാഷ്ട്ര തലത്തില്‍ മോശമായി കാണിക്കുന്നതിന് വേണ്ടി വിവിധ നെറ്റ്‌വര്‍ക്കുകള്‍ ഉണ്ടാക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സക്കറിയ പറഞ്ഞിരുന്നു. ഇന്ത്യയില്‍ ചാരപ്രവര്‍ത്തനം നടത്തിയതിന് പാക് നയതന്ത്ര ഉദ്യോഗസ്ഥന്‍ മെഹമ്മൂദ് അക്തറിനെ പിടികൂടിയതിന് പിന്നാലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ സുര്‍ജീത് സിംഗിനെ പാകിസ്താന്‍ അനഭിമതനായി പ്രഖ്യാപിച്ചിരുന്നു. ആറ് ഉദ്യോഗസ്ഥരെ പാക് തിരിച്ചു വിളിക്കുകയും ചെയ്തു.