ഷിംല: നാലുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയകേസില്‍ മൂന്നുപേര്‍ക്ക് വധശിക്ഷ. ഹിമാചല്‍ പ്രദേശിലെ ഷിംലകോടതിയാണ് ശിക്ഷ വിധിച്ചത്. ചന്ദര്‍ ശര്‍മ, താജേന്ദര്‍ സിംഗ്, വിക്രാന്ത് ബക്ഷി എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. ചന്ദര്‍ ശര്‍മ ഹിമാചല്‍പ്രദേശ് യൂണിവേഴ്‌സിറ്റിയിലെ നിയമ വിദ്യാര്‍ത്ഥിയാണ്. സിംഗ് കോസ്മറ്റിക് ഷോപ്പ് ഉടമയും ബക്ഷി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമാണ്.
ബിസിനസുകാരനായ വിനോദ് ഗുപ്തയുടെ മകനായ യഗ് ഗുപ്തയെ നാലുവര്‍ഷം മുമ്പാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്. ഷിംലയിലെ കേല്‍സ്‌റ്റോണിലാണ് സംഭവം. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2016 ആഗസ്ത് 22 ന് പ്രദേശത്തെ വാട്ടര്‍ ടാങ്കില്‍ നിന്നാണ് യുഗിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ബലമായി മദ്യം കഴിപ്പിച്ച് ടാങ്കില്‍ തള്ളുമ്പോള്‍ കുട്ടിക്ക് ബോധമുണ്ടായിരുന്നില്ലെങ്കിലും ജീവനുണ്ടായിരുന്നുവെന്നു പ്രതികള്‍ പൊലീസിനോടു പറഞ്ഞിരുന്നു. കല്ലിനോടു ചേര്‍ത്തുകെട്ടിയാണ് കുട്ടിയെ ടാങ്കില്‍ തള്ളിയത്. മഞ്ഞപ്പിത്തബാധയുണ്ടായതിനെത്തുടര്‍ന്ന് ടാങ്ക് വൃത്തിയാക്കാനെത്തിയ മുനിസിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാരാണ് മൃതദേഹം കണ്ടത്.
2014 ജൂണ്‍ 16 നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചോക്ക്‌ളേറ്റ് നല്‍കാമെന്ന് പറഞ്ഞാണ് 2014 ജൂണ്‍ 14ന് ശര്‍മ്മ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് കുട്ടിയെ ഒരു പെട്ടിയിലാക്കി തേജേന്ദര്‍ സിങ് വാടകക്കെടുത്ത വീട്ടിലെത്തിച്ചു. മൊബൈല്‍ ഫോണില്‍ എടുത്ത വീഡിയോ ഉപയോഗിച്ച് പ്രതികള്‍ കത്തിലൂടെ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. 3.62 കോടി രൂപയാണ് മോചനദ്രവ്യമായി ഇവര്‍ ആവശ്യപ്പെട്ടത്. വീട്ടുജോലിക്കാരന്റെ കയ്യില്‍ പണമെത്തിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഈ സമയമെല്ലാം ശര്‍മ കുട്ടിയുടെ പിതാവിനൊപ്പം സംശയം തോന്നാത്ത വിധം നില്‍ക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെപ്പറ്റി പരാതി നല്‍കാന്‍ പൊലീസ് സ്‌റ്റേഷനില്‍ ഗുപ്തക്കൊപ്പം പോയത് ശര്‍മയാണ്. തുടര്‍ന്നുള്ള രണ്ടുമാസം മൂന്നു കത്തുകള്‍ കൂടി ഗുപ്ത കുടുംബത്തിനു ലഭിച്ചിരുന്നു. അവസാനത്തേതില്‍ പെണ്‍മക്കളെയും തട്ടിക്കൊണ്ടുപോകുമെന്നായിരുന്നു ഭീഷണി. സിഐഡി പ്രദേശവാസികളുടെ ഫോണ്‍ വിവരങ്ങള്‍ നിരീക്ഷിച്ചപ്പോഴാണ് കഥ ചുരുളഴിഞ്ഞത്. പ്രതികളില്‍ നിന്നും പിടികൂടിയ മൊബൈല്‍ ഫോണുകളില്‍ നിന്നും കൈ കെട്ടപ്പെട്ട നിലയില്‍ ഒരു കുട്ടിയുടെ ചിത്രം കിട്ടിയത്.